ദില്ലി: കാര്‍ വ്യവസായത്തിന്‍റെ തളര്‍ച്ചയ്ക്ക് നീതി ആയോഗ് കാരണമാകുന്നെന്ന ആരോപണം ശരിയല്ലെന്ന് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി മറ്റ് വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുളള യാതൊരു നയവും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

2025 -26 ആകുന്നതോടെ മുച്ചക്ര വാഹനങ്ങളും 150 സിസിയില്‍ താഴെയുളള ഇരുചക്ര വാഹനങ്ങളും വൈദ്യുതയിലേക്ക് മാറ്റണമെന്നത് നീതി ആയോഗ് സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയാണ്. അതൊരു നയമല്ല. നാല് ചക്ര വാഹങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും കാര്യത്തില്‍ ഇങ്ങനെയാരു ശുപാര്‍ശ പോലും നല്‍കിയിട്ടില്ലെന്നും രാജീവ് കുമാര്‍ വിശദീകരിച്ചു. 

കഴിഞ്ഞ ദിവസം ധനമന്ത്രി വാഹന വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് വ്യവസായികള്‍ ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് കൂട്ടാനുളള നീക്കം ഉപേക്ഷിക്കണമെന്നും അവര്‍ യോഗത്തില്‍ ധനമന്ത്രിയോട് അഭിപ്രായപ്പെട്ടു.