ഉള്ളിയുടെ വിലയും ഇന്ത്യന്‍ ജനങ്ങളുടെ മനോഭാവവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുളളത്. അതിനാല്‍ തന്നെ രാജ്യത്ത് ഉള്ളിവില ഉയരുന്നത് സംസ്ഥാന -കേന്ദ്ര സര്‍ക്കാരുകളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന കാര്യമാണ്. ഉള്ളി വിലയിലുണ്ടായ വര്‍ധന ഇന്ത്യന്‍ ഉപഭോക്താക്കളെ വിഷമിപ്പിച്ചു തുടങ്ങിയതായും ഉപഭോക്താക്കളുടെ വാങ്ങല്‍ തീരുമാനത്തില്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഉള്ളി വിലയില്‍ രാജ്യത്ത് 50 ശതമാനത്തിലേറെ വര്‍ധന പ്രകടമായിട്ടുണ്ട്. 

സെപ്റ്റംബര്‍ 24 ലെ കണക്കുകള്‍ പ്രകാരം ദില്ലിയിലും മുംബൈയിലും ഉള്ളി വില കിലോയ്ക്ക് 75 മുതല്‍ 80 രൂപ വരെയാണ്. ദില്ലിയിലെ ചില മാര്‍ക്കറ്റുകളില്‍ 80 ന് മുകളിലും വില്‍പ്പന നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊത്ത വിലയെ അടിസ്ഥാനമാക്കി കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണ് ഉത്തരേന്ത്യയില്‍ ഉള്ളിക്കിപ്പോള്‍. 

ബാംഗ്ലൂര്‍, ചെന്നൈ, ഡെറാഡൂണ്‍ എന്നീ നഗരങ്ങളില്‍ ഉള്ളിവില കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണിപ്പോള്‍. ഹൈദരാബാദില്‍ വില 46 രൂപയാണ്. രാജ്യത്തെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ എത്തുന്ന ഉള്ളിയുടെ അളവില്‍ വലിയ കുറവുണ്ട്. സ്റ്റോക്കില്‍ അനുഭവപ്പെടുന്ന ഈ പരിമിധിയാണ് ഉള്ളി വിലവര്‍ധനയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കയറ്റുമതിയുടെ കുറഞ്ഞ വില ടണ്ണിന് 850 ഡോളര്‍ എന്ന നിലയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച മാറ്റിയിരുന്നു. 

ഇന്ത്യയില്‍ നിന്നുള്ള ഉള്ളിക്കയറ്റുമതി കുറയുന്നത് ആഭ്യന്തര വിപണിയിലെ ഉള്ളിയുടെ അളവ് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. ഉള്ളിക്കയറ്റുമതിയില്‍ ഇനിയും കുറവ് വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന. ഉള്ളി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇറക്കുമതിയെ ആശ്രയിക്കുമെന്ന് മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയാണ് വിലക്കയറ്റത്തിന് കാരണമായത്. കനത്ത മഴ കാരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉള്ളിപ്പാടങ്ങളില്‍ നിന്നുളള ഉല്‍പാദനത്തില്‍ വലിയ ഇടിവുണ്ടായി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉള്ളിയുടെ സ്റ്റോക്ക് വളരെ കുറഞ്ഞ തലത്തിലേക്ക് എത്തിയതായി ബാംഗ്ലൂരിലെ വ്യാപാരികള്‍ പറയുന്നു. രാജ്യത്തെ ഉള്ളി വിതരണം ഇപ്പോള്‍ ഏതാണ്ട് തകര്‍ന്ന മട്ടാണ്. ഉള്ളി പ്രതിസന്ധി ഒരു മാസത്തോളം നീണ്ടു നിന്നേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.