Asianet News MalayalamAsianet News Malayalam

വാഹനവും വീടും നേടാന്‍ 'നല്ലസമയം', ഭവന-വാഹന വായ്പകളുടെ പലിശ നിരക്കുകള്‍ എസ്ബിഐ വെട്ടിക്കുറച്ചു: മറ്റ് ബാങ്കുകളും കുറച്ചേക്കും

ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ എസ്ബിഐ ഭവന -വാഹന വായ്പാപലിശ നിരക്കുകളിലും കുറവ് വരുത്തി.

perfect time for own house and vehicle, rbi reduce repo rates
Author
Mumbai, First Published Aug 7, 2019, 4:22 PM IST

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം റിപ്പോ നിരക്ക് വെട്ടിക്കുറച്ചു. 35 ബേസിസ് പോയിന്‍റിന്‍റെ കുറവാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്. 5.40 ശതമാനമാണ് റിസര്‍വ് ബാങ്കിന്‍റെ പുതിയ റിപ്പോ നിരക്ക്. 

ഈ വര്‍ഷം റിസര്‍വ് ബാങ്ക് വരുത്തുന്ന നാലാമത്തെ പലിശ ഇളവാണിത്. ഇതോടൊപ്പം ആറംഗ പണനയ സമിതി നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ച നിരക്കിലും കുറവ് വരുത്തി. പുതിയ പ്രതീക്ഷിത വളര്‍ച്ച നിരക്ക് 6.9 ശതമാനമാണ്. നേരത്തെ ജിഡിപി ഏഴ് ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുമെന്നാണ് റിസര്‍വ് കണക്കാക്കിയിരുന്നത്. 

ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ എസ്ബിഐ ഭവന -വാഹന വായ്പാപലിശ നിരക്കുകളിലും കുറവ് വരുത്തി. 0.15 ശതമാനമാണ് കുറച്ചത്. 8.40 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായിട്ടാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 10 മുതൽ നിലവിൽ വരും. 

റിപ്പോ നിരക്ക് കുറഞ്ഞതോടെ മറ്റു ബാങ്കുകളും വായ്പാ പലിശ നിരക്കുകളിൽ ഇളവ് പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. ആറംഗ പണനയ സമിതിയിലെ നാല് പേരും 0.35 ശതമാനം കുറവ് വരുത്തണമെന്ന നിലപാടെടുക്കുകയായിരുന്നു. ഒന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന റിപ്പോ നിരക്കാണ് ഇന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 

എന്നാല്‍, റിസര്‍വ് ബാങ്കിന്‍റെ ധനനയ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. അക്കോമഡേറ്റീവ് ധനനയ നിലപാടില്‍ തന്നെ റിസര്‍വ് ബാങ്ക് തുടരും. രാജ്യത്തെ വായ്പ ലഭ്യത വര്‍ധിക്കാനും വളര്‍ച്ച നിരക്ക് ഉയര്‍ത്താനും സമ്പദ്‍വ്യവസ്ഥയ്ക്ക് കരുത്ത് പകരാനും റിസര്‍വ് ബാങ്ക് തീരുമാനം ഗുണകരമായേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷരുടെ നിഗമനം. 
 

Follow Us:
Download App:
  • android
  • ios