ഇതിനായുളള പ്രാഥമിക നടപടികള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന.

ദില്ലി: കൂടുതല്‍ പൊതുമേഖല ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനുളള നടപടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയിടുന്നതായി സൂചന. വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ച നടപടിക്ക് ശേഷം പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ തമ്മില്‍ ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. 

ഇതിനായുളള പ്രാഥമിക നടപടികള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് ലയന നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഏപ്രില്‍ ഒന്നിന് ലയനം നടപ്പാക്കുകയും ചെയ്തു. എന്നാല്‍, അടുത്ത ഘട്ട ലയനത്തിന് ഇത് മികച്ച സമയമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ബാങ്കുകളുടെ പ്രവര്‍ത്തനവും ധനസ്ഥിതിയും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് നടപ്പാക്കി വരുന്ന പ്രോംപ്റ്റ് കറക്ടീവ് ആക്ഷനില്‍ (പിസിഎ) പരിധിയിലാണ് ലയനത്തിന് പരിഗണിക്കുന്ന രണ്ട് ബാങ്കുകളും. പഞ്ചാബ് നാഷണല്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്കിന്‍റെ കടുത്ത നിയന്ത്രണങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ പിസിഎ നടപടികളില്‍ നിന്ന് പുറത്തുവന്നിട്ട് അധികമായിട്ടില്ല.