ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥിയും 59 കാരിയുമായ നിര്‍മല സീതാരാമന്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മുന്നിലുളള വെല്ലുവിളികള്‍ ഏറെയാണ്. 

ദില്ലി: കേന്ദ്ര ബജറ്റിന്‍റെ ഭാഗമായ കൂടിക്കാഴ്ചകള്‍ക്ക് ധനമന്ത്രി തുടക്കമിട്ടു. ജൂണ്‍ 11 മുതല്‍ 23 വരെയാണ് കൂടിക്കാഴ്ചകള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ കാലയളവില്‍ സാമ്പത്തിക വിദഗ്ധരുമായും ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളുമായും ധന -കമ്പനികാര്യ മന്ത്രി നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തും. 

എല്ലാ സംസ്ഥാന ധനമന്ത്രിമാരും കേന്ദ്ര ബജറ്റിനെ സംബന്ധിച്ച അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുമെന്നാണ് ധനമന്ത്രാലയത്തിന്‍റെ പ്രതീക്ഷ. ജൂണ്‍ 20 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്‍റെ ഭാഗമായി ധനമന്ത്രിമാര്‍ ഒത്തുകൂടുമ്പോള്‍ ബജറ്റിന് വേണ്ടിയുളള അഭിപ്രായ രൂപീകരണം നടക്കുമെന്നാണ് കരുതുന്നത്. 

ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥിയും 59 കാരിയുമായ നിര്‍മല സീതാരാമന്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മുന്നിലുളള വെല്ലുവിളികള്‍ ഏറെയാണ്. രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് കുറഞ്ഞ് നില്‍ക്കുന്നതും, ധനക്കമ്മി നിയന്ത്രണം, ബാങ്കുകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന നിഷ്കൃയ ആസ്തികള്‍, തൊഴില്‍ മേഖലയിലെ തളര്‍ച്ച, സ്വകാര്യ നിക്ഷേപം, രാജ്യം നേരിടുന്ന വ്യാപാര പ്രതിസന്ധികള്‍, കാര്‍ഷിക പ്രതിസന്ധികള്‍, പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന, ബാങ്കിങ് ഇതര ധനകാര്യ മേഖല നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങിയാണ് നിര്‍മല സീതാരാമന്‍റെ മുന്നിലെ വെല്ലുവിളികള്‍.