ദില്ലി: ഉള്ളിയും തക്കാളിയുമടക്കം സാധാരണക്കാരന്റെ ബജറ്റിന്റെ താളം തെറ്റിച്ച സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വില സ്ഥിരതാ ഫണ്ട് നിര്‍ദ്ദേശിച്ച് കേന്ദ്ര ബജറ്റ്. വന്‍തോതില്‍ വില ഉയര്‍ന്ന ഓരോ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരുന്നുവെന്നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാനാണ് വില സ്ഥിരതാ ഫണ്ട് കൊണ്ടുവന്നതെന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.

കാര്‍ഷിക ഉല്പന്നങ്ങളുടെ വില കുത്തനെ വര്‍ധിക്കുന്നത് തടയാനാണ് ഇതെന്നാണ് വിശദീകരണം. 2019 ഓഗസ്റ്റ് മുതലാണ് രാജ്യമൊട്ടാകെ ഉള്ളി വില ഉയരാന്‍ തുടങ്ങിയത്. കിലോയ്ക്ക് 150 രൂപ വരെ വിലയെത്തി. തക്കാളിയുടെ വിലയും ഒരു ഘട്ടത്തില്‍ കിലോയ്ക്ക് 80 രൂപ വരെയായി ഉയര്‍ന്നു.

ഡിസംബറില്‍ പുറത്തിറങ്ങിയ റീട്ടെയ്ൽ വിലക്കയറ്റ നിരക്ക് 7.35 ശതമാനമായിരുന്നു. അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍, വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുമെന്ന ഉറച്ച വിശ്വാസമൊന്നും കേന്ദ്രസര്‍ക്കാരിന് ഇല്ല. ഗള്‍ഫ് മേഖലയില്‍ ഇറാനെതിരായ നീക്കങ്ങള്‍ ആഗോളതലത്തില്‍ എണ്ണ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.