മുംബൈ: പണനയ അവലോകന യോഗത്തില്‍ വായ്പ പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തി. റിപ്പോ നിരക്കില്‍ 25 ബോസിസ് പോയിന്‍റിന്‍റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. 

ഇതോടെ 6.25 ആയിരുന്ന റിപ്പോ നിരക്ക് ആറ് ശതമാനമായി കുറഞ്ഞു. ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്ന രണ്ടാമത്തെ പണനയ അവലോകന യോഗമായിരുന്നു ഇത്. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്.  

കഴിഞ്ഞ കുറെ മാസമായി ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലൂളള റീട്ടെയില്‍ പണപ്പെരുപ്പം നാല് ശതമാനത്തിലും താഴെയാണ് എന്നത് നിരക്ക് കുറയക്കാന്‍ റിസര്‍വ് ബാങ്കിന് സഹായകരമായി. റിസര്‍വ് ബാങ്ക് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.