Asianet News MalayalamAsianet News Malayalam

പലിശ നിരക്ക് കുറച്ച് നയം വ്യക്തമാക്കി റിസര്‍വ് ബാങ്ക്, ഭവന -വാഹന വായ്പ നിരക്കുകളില്‍ വന്‍ കുറവിന് സാധ്യത

നിരക്ക് കുറച്ചതിനെക്കാള്‍ വിപണിയില്‍ ഗുണപരമായ സ്വാധീനം സൃഷ്ടിക്കുക ധനനയ നിലപാടില്‍ ആര്‍ബിഐ വരുത്തിയ മാറ്റമാകും. അക്കോമഡേറ്റീവ് ധനനയ നിലപാടിലൂടെ വിപണിയില്‍ നിലനില്‍ക്കുന്ന സമ്മര്‍ദ്ദം ലഘൂകരിക്കുകയാണ് റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യം. ഈ നിലപാടിലൂടെ സാമ്പത്തിക വളര്‍ച്ച നിരക്കിനെ ഉദ്ദീപിപ്പിക്കാനും കേന്ദ്ര ബാങ്കിനാകും. 

rbi mpc decisions June 2019
Author
Mumbai, First Published Jun 6, 2019, 12:39 PM IST

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ അവലോകന സമിതി റിസര്‍വ് ബാങ്കിന്‍റെ ധനനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് 25 ബേസിസ് പോയിന്‍റ്സിന്‍റെ കുറവ് വരുത്തി. 

ഇതോടെ 6.0 ആയിരുന്ന റിപ്പോ നിരക്ക് .25 ശതമാനം കുറഞ്ഞ് 5.75 ശതമാനമായി. നിരക്കുകളില്‍ മാറ്റം വരുത്തിയതിനൊപ്പം ധനനയ നിലപാടിലും റിസര്‍വ് ബാങ്ക് ശ്രദ്ധേയമായ മാറ്റം വരുത്തി. ഏപ്രിലില്‍ ന്യൂട്രലായിരുന്ന ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയിലേക്ക് റിസര്‍വ് ബാങ്ക് മാറ്റി. ജിഡിപിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിലുണ്ടായ ഇടിവില്‍ നിന്ന് കരകയറാന്‍ രാജ്യത്തെ സഹായിക്കുന്നതാണ് പുതിയ ധനനയ നിലപാട്.

നിരക്ക് കുറച്ചതിനെക്കാള്‍ വിപണിയില്‍ ഗുണപരമായ സ്വാധീനം സൃഷ്ടിക്കുക ധനനയ നിലപാടില്‍ ആര്‍ബിഐ വരുത്തിയ മാറ്റമാകും. അക്കോമഡേറ്റീവ് ധനനയ നിലപാടിലൂടെ വിപണിയില്‍ നിലനില്‍ക്കുന്ന സമ്മര്‍ദ്ദം ലഘൂകരിക്കുകയാണ് റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യം. ഈ നിലപാടിലൂടെ സാമ്പത്തിക വളര്‍ച്ച നിരക്കിനെ ഉദ്ദീപിപ്പിക്കാനും കേന്ദ്ര ബാങ്കിനാകും. വ്യാവസായിക മേഖലയിലേക്ക് കൂടുതല്‍ പണം എത്താനും അതിലൂടെ വളര്‍ച്ച വേഗത കൂട്ടാനും ആര്‍ബിഐക്കാകും. 

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തിയതിലൂടെ രാജ്യത്തെ ഭവന - വാഹന വായ്പകളുടെ പലിശ നിരക്കുകള്‍ കുറയാനുളള സാധ്യത വര്‍ധിച്ചു. 

Follow Us:
Download App:
  • android
  • ios