മുംബൈ: ജൂണ്‍ മാസത്തില്‍ ചേരാനിരിക്കുന്ന പണനയ അവലോകന യോഗത്തില്‍ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കില്‍ വീണ്ടും കുറവുണ്ടായേക്കുമെന്ന് സൂചന. വരുന്ന പണനയ അവലോകനയോഗത്തില്‍ പലിശയില്‍ കാല്‍ ശതമാനത്തിന്‍റെ കുറവുണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ ചില സാമ്പത്തിക വിദഗ്ധര്‍ 35 ബേസിസ് പോയിന്‍റിന്‍റെ കുറവ് വരെ പ്രവചിക്കുന്നുണ്ട്. 

അടുത്ത കാലത്ത് നടന്ന പണനയ അവലോകന യോഗങ്ങളില്‍ പലിശ നിരക്കുകള്‍ 25 ബേസിസ് പോയിന്‍റുകള്‍ വീതം കുറച്ചിരുന്നു. റിപ്പോ നിരക്ക് കുറയ്ക്കുന്നതിനോട് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുപോന്നതും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുന്നതുകൊണ്ടു തന്നെ ഇതേ നയം തുടരാനാകും ശ്രമിക്കുകയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആറ് ശതമാനമാണ് റിപ്പോ നിരക്ക്.

ഇത് ജൂണിലെ പണനയ അവലോകന യോഗത്തില്‍ 5.75 ശതമാനത്തിലേക്കോ, 5.65 ശതമാനത്തിലേക്കോ കുറഞ്ഞേക്കാം. ഈ വര്‍ഷം ഭാരതത്തിന്‍റെ സെന്‍ട്രല്‍ ബാങ്ക് നിരക്കില്‍ 100 ബേസിസ് പോയിന്‍റ് വരെ കുറവ് വരുത്തിയേക്കുമെന്ന് അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക മെറിന്‍ ലിഞ്ച് നിരീക്ഷിക്കുന്നു. 

നിരക്കുകളില്‍ കുറവ് വരുത്തുന്നത് കൂടാതെ പൊതു വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിനായി ആര്‍ബിഐ പ്രതിമാസം രണ്ട് മുതല്‍ മൂന്ന് ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടത്തുമെന്നും വിലയിരുത്തലുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പാക്കാനിരിക്കുന്ന ആദ്യ ബജറ്റിലും ധനക്കമ്മി ഇടക്കാല ബജറ്റിലേതിന് സമാനമായി ജിഡിപിയുടെ 3.4 ശതമാനമായി നിലനിര്‍ത്താനാകും ശ്രമിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര ബാങ്ക് നിലനിര്‍ത്തേണ്ട മൂലധന അനുപാതം എത്രയെന്ന് പഠിക്കാന്‍ നിയോഗിച്ച മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍റെ റിപ്പോര്‍ട്ടും അടുത്ത മാസം സമര്‍പ്പിക്കും. കേന്ദ്ര ബാങ്ക് സൂക്ഷിക്കേണ്ട റിസര്‍വ് ഫണ്ടിനെ ചൊല്ലി നേരത്തെ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തകര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ ബിമല്‍ ജലാന്‍റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയമിച്ചത്. 

റിസര്‍വ് ബാങ്കിന്‍റെ പക്കലുളള അധിക മൂലധനം രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്.