അന്താരാഷ്ട്ര വിപണിയില്‍ പ്രകൃതിദത്ത റബ്ബറിന്‍റെ വരവില്‍ വന്‍ വര്‍ധനവിന് സാധ്യത തെളിയുന്നു. കഴിഞ്ഞ ഡിസംബറില്‍ ലോകത്തെ ഏറ്റവും വലിയ റബ്ബര്‍ ഉല്‍പാദക രാജ്യങ്ങളായ തായ്‍ലാന്‍റ്, മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ മാര്‍ച്ച് വരെ ഉല്‍പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. മൂന്നര ലക്ഷം മെട്രിക് ടണ്‍ ഉല്‍പാദനം കുറയ്ക്കാനാണ് ഈ രാജ്യങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനം.

മാര്‍ച്ച് 31 ഓടെ ഈ കാലവധി അവസാനിച്ചു. ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുളള പുതിയ തീരുമാനമൊന്നും കൈക്കൊണ്ടതും ഇല്ല. ഇതോടെ ഉല്‍പാദനം വരുന്ന മാസങ്ങളില്‍ വലിയ വളര്‍ച്ച നേടും. റബ്ബര്‍ ഉല്‍പാദനത്തിന്‍റെ 70 ശതമാനവും കൈയാളുന്ന മൂന്ന് രാജ്യങ്ങളുടെ തീരുമാനം മൂലം ഈ ജനുവരിയില്‍ ഉല്‍പാദനം 10.1 ശതമാനമായാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ 10.8 ലക്ഷം ടണ്‍ റബ്ബറിന്‍റെ കുറവാണുണ്ടായത്. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഉപഭോഗം 1.3 ശതമാനം കൂടുകയും ചെയ്തു. ചൈനയിലെ വാഹന ഉല്‍പാദത്തില്‍ കുറവുണ്ടായിട്ടും റബ്ബര്‍ ഉപഭോഗത്തില്‍ വളര്‍ച്ചയുണ്ടായി. ലോകത്തെ ഏറ്റവും വലിയ റബ്ബര്‍ ഉപഭോക്താക്കളാണ് ചൈന.

കേരളത്തില്‍ ഇപ്പോഴത്തെ വില കിലോയ്ക്ക് 128.50 രൂപ മാത്രമാണ്. ചൂട് ഉയര്‍ന്നത് മൂലം സംസ്ഥാനത്തെ മിക്ക തോട്ടങ്ങളിലും ടാപ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, വില ഇപ്പോഴും 130 ല്‍ താഴെ തുടരുകയാണ്. മാര്‍ച്ച് ഒന്നിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് കിലോയ്ക്ക് 129 രൂപയാണ്. ഇക്കാലയളവില്‍ ബാങ്കോക്ക് വിപണിയില്‍ വില 124 രൂപ വരെ എത്തിയിരുന്നു. ഈ വിലയോടൊപ്പം 25 ശതമാനം നികുതിയും മറ്റ് സെസ്സുകളും ചേര്‍ത്ത് ഇറക്കുമതി ചെയ്താലും ഇന്ത്യയുടെ ആഭ്യന്തര വിലയെക്കാള്‍ കൂടുതലാണ്. 

എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ ഉല്‍പ്പന്നമെത്തിയാല്‍ ആഗോള വിപണികളിലെ വിലയില്‍ ഇടിവുണ്ടാകും. ഇത്തരമൊരു സാഹചര്യം ഇറക്കുമതി റബ്ബറിനോട് പ്രീതി കൂടാനും ആഭ്യന്തര റബ്ബറിന്‍റെ വിലയില്‍ വന്‍ ഇടിവിനും കാരണമായേക്കും. തല്‍ക്കാലം ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങളുടെ കൈവശം സ്റ്റോക്ക് കൂടുതലാണ്. അതിനാല്‍ തിരക്കുപിടിച്ചുളള ഇറക്കുമതി ആവശ്യമില്ലെന്ന നിലപാടാണ് വ്യവസായികള്‍ക്ക്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളെ തല്‍ക്കാലം സൂക്ഷ്മമായി വീക്ഷിക്കാനാണ് അവരുടെ തീരുമാനം.