175 രാജ്യങ്ങളില്‍ നിന്നുളള നിക്ഷേപകരുടെ ഏകദേശം 35,000 കോടി രൂപയും കൊണ്ട് മുങ്ങുക ! ലോകത്തുളള അന്വേഷണ ഏജന്‍സികള്‍ മുഴുവന്‍ ഊര്‍ജിതമായി അവരെ പിടികൂടാനായി ഇറങ്ങിത്തിരിക്കുക. ലോകത്തെ ഞെട്ടിച്ച തട്ടിപ്പിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച രുജാ ഇഗ്നാറ്റോവ ലോക നിക്ഷേപകരുടെ ശ്രദ്ധയിലേക്ക് വരുന്നത് 2016 ലാണ്.

2016 ല്‍ ലണ്ടനിലെ വെംബ്ലിയില്‍ നടന്ന ചടങ്ങില്‍ തന്‍റെ ക്രിപ്റ്റോകറന്‍സിയായ വണ്‍കോയിന്‍ അവതരിപ്പിച്ചാണ് പിന്നീട് 'ക്രിപ്റ്റോക്വീന്‍' എന്ന പേരില്‍ പ്രശസ്തയായ രുജാ ഇഗ്നാറ്റോവ നിക്ഷേപകരുടെ മനസ്സില്‍ ഇടം നേടിയത്.

പിന്നീട്, ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ വണ്‍കോയിന് വേണ്ടി അവര്‍ വമ്പന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇതോടെ രുജായുടെ പഞ്ചസാര കലര്‍ന്ന വാക്കുകളില്‍ അനേകര്‍ വീണുകഴിഞ്ഞിരുന്നു. ജര്‍മനി, ദക്ഷിണ കൊറിയ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കാര്യമായ നിക്ഷേപം അവരെ തേടിയെത്തി. വന്‍ തുകയാണ് രുജായുടെ വാക്ക് വിശ്വസിച്ച് പല രാജ്യങ്ങളില്‍ നിന്നും അവരുടെ ക്രിപ്റ്റോകറന്‍സിയിലേക്ക് നിക്ഷേപമായി എത്തിയത്. വിയറ്റ്നാം, ബംഗ്ലാദേശ്, ഉഗാണ്ട തുടങ്ങിയ അടുത്ത നിര രാജ്യങ്ങളില്‍ നിന്ന് പോലും ക്രിപ്റ്റോക്വീന്‍ പണം വാരി. ഗ്ലാസ്‌കോയില്‍ നിന്നുള്ള ബെന്‍ മക്ആഡം മാത്രം നിക്ഷേപിച്ചത് 10,000 യൂറോയാണ്. 

ഇതുകൂടാതെ മക്ആഡം തന്‍റെ കുടുംബ അംഗങ്ങളില്‍ നിന്ന് നിക്ഷേപമായി 2,20,000 പൗണ്ടും വണ്‍കോയിനിലിട്ടു. ബള്‍ഗേറിയ ആസ്ഥാനമായാണ് രുജാ തന്‍റെ കമ്പനി സ്ഥാപിച്ചത്. ഡോക്ടര്‍ രുജാ, ഡോക്ടര്‍ ഇഗ്നാറ്റോവ എന്നീ പേരുകളിലും രുജാ 'ബിസിനസ് പിടിക്കാന്‍' ലോകമാകെ കറങ്ങി. തന്‍റെ കമ്പനിക്കായി 2016 ല്‍ ആറ് മാസം നീണ്ടുനിന്ന ലോക ടൂര്‍ കൂടി നടത്തിയതോടെ നിക്ഷേപകര്‍ അവരുടെ വലയ്ക്കുള്ളില്‍ പൂര്‍ണമായി അകപ്പെട്ടിരുന്നു. 

 

വന്‍ പണി വാങ്ങിയത് ചൈനക്കാര്‍ !

ലോക യാത്രയുടെ വാര്‍ഷികം ആകും മുന്‍പേ രുജായെ കാണാതായി. ഒരു തരത്തിലുളള തെളിവും ശേഷിപ്പിക്കാതെയുളള ഒറ്റമുങ്ങല്‍! പിന്നീട് ഇതുവരെ അവരെ ആരും കണ്ടിട്ടില്ല. നിക്ഷേപകര്‍ പരാതിയുമായി ഇനി കേറിയിറങ്ങാന്‍ സ്ഥലങ്ങളില്ല എന്ന് തന്നെ പറയാം. രുജായുടെ വലയില്‍ കൂടുതല്‍ കുടങ്ങിയത് ചൈനക്കാരാണ്. ചൈനയില്‍ നിന്ന് മാത്രം 427 മില്യണ്‍ യൂറോയാണ് അവര്‍ക്ക് ലഭിച്ചത്. ബ്രിട്ടനില്‍ നിന്ന് 96 ദശലക്ഷം പൗണ്ടും നിക്ഷേപമായി ഡോക്ടര്‍ രുജാ തട്ടിയെടുത്തു !. 

ഇന്ന് ഇത്തരം ഹൈ -ടെക് പണം തട്ടിപ്പ് കേസുകള്‍ ലോകത്ത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. വമ്പന്മാര്‍ മുതല്‍ പാവപ്പെട്ടവര്‍ വരെയുളള അനേകര്‍ ഇത്തരം പണ കവര്‍ച്ചയുടെ ഇരകളാണിന്ന്. അമേരിക്കയുടെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വണ്‍കോയിനെ നിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്. ഈ വര്‍ഷമാദ്യം രുജയ്‌ക്കെതിരെ അമേരിക്ക കള്ളപ്പണക്കേസ് ചുമത്തുകയും ചെയ്തു. അമേരിക്കയുടെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ അവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണിപ്പോള്‍. 

വണ്‍കോയിന്‍ അധിക താമസിയാതെ ബിറ്റ്കോയിനെ മറികടക്കുമെന്ന് പ്രസംഗിച്ചും. മറ്റ് ക്രിപ്റ്റോകറന്‍സികളെ കണക്കിന് കളിയാക്കിയും തമാശകള്‍ പറഞ്ഞുമുള്ള അവതരണ രീതിയിലൂടെയാണ് രുജാ വിവിധ വേദികളിലൂടെ നിക്ഷേപകരുടെ മനസ്സിലേക്ക് പാഞ്ഞുകയറിയത്. ഒടുവില്‍ 4.9 ബില്യണ്‍ ഡോളറും ( ഏകദേശം 34,924.99 കോടി രൂപ) കൊണ്ട് അവര്‍ ഒരു ദിവസം അപ്രത്യക്ഷയായി. ക്രിപ്റ്റോകറന്‍സിയെന്നത് എല്ലാത്തിന്‍റെയും അന്തിമ വാക്കാണ്. ഇപ്പോള്‍ വണ്‍കോയിനില്‍ നിക്ഷേപിച്ചാല്‍ വന്‍ സമ്പാദ്യം നേടാം തുടങ്ങിയ 'ഡോക്ടറുടെ' മോഹന വാഗ്ധാനങ്ങളില്‍ വീഴാതെപോയവന്‍ ഇപ്പോള്‍ ആശ്വസിക്കുന്നുണ്ടാകാം.