രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അഞ്ചിന് അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റില്‍ വീടുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഏറെ വകയുണ്ടാകുമെന്ന് സൂചന. വളര്‍ച്ച മുരടിപ്പും തൊഴിലില്ലായ്മയും മറികടക്കാന്‍ നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിലൂടെ സര്‍ക്കാര്‍ ശ്രമം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകളും ഫ്ലാറ്റുകളും വാങ്ങാനും നിര്‍മിക്കാനും സഹായകരമാകുന്ന രീതിയില്‍ നികുതി ആനുകൂല്യങ്ങളും നയ തീരുമാനങ്ങളും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചേക്കും. 

രണ്ടാമതൊരു വീടുകൂടി ആഗ്രഹിക്കുന്നവര്‍ക്ക് നികുതി ആനുകൂല്യങ്ങളും ചെലവ് കുറഞ്ഞ വീട് വയ്ക്കാന്‍ വായ്പയെടുക്കുന്നവര്‍ക്ക് സബ്സിഡിയും ഉറപ്പാക്കിയാല്‍ നിര്‍മാണ മേഖലയില്‍ വളര്‍ച്ച സാധ്യമാണെന്നാണ് വിലയിരുത്തല്‍. വളര്‍ച്ച നിരക്ക് മെച്ചപ്പെടുത്താനും തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനും ഭവന നിര്‍മാണ മേഖലയിലുണ്ടാകുന്ന മുന്നേറ്റത്തിന് സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം. 

2018 -19 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് 6.8 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കാണിത്. രാജ്യത്തെ ഭവന നിര്‍മാണ മേഖലയ്ക്ക് ഉണര്‍വുണ്ടായാല്‍ വായ്പ ഡിമാന്‍റ് കൂടാനും അത് ഏറെ സഹായകരമാണ്. റിസര്‍വ് ബാങ്ക് കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നു. ഇതും സര്‍ക്കാരിന് ഭവന നിര്‍മാണ മേഖലയ്ക്കായി നയ രൂപീകരണം നടത്താന്‍ സഹായകരമാണ്.

ഇക്കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ 0.25 ശതമാനമാണ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയത്. കഴിഞ്ഞ മൂന്ന് പണനയ അവലോകന യോഗങ്ങളിലായി 0.75 ശതമാനം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. നിലവില്‍ 5.50 ശതമാണ് ആര്‍ബിഐ റിപ്പോ നിരക്ക്.

വായ്പ ആവശ്യകത രാജ്യത്ത് വര്‍ധിക്കുന്നത് സാമ്പത്തിക മേഖലയുടെ ത്വരിത വളര്‍ച്ചയ്ക്കും സഹായകരമാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വ്യക്തികള്‍ ആദ്യമായി നിര്‍മിക്കുന്നതോ വാങ്ങുന്നതോ ആയ ഭവനത്തിന്‍റെ വായ്പയ്ക്ക് പലിശ ആനുകൂല്യം ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്തിയിരുന്നു.

ഇത്തവണ ഇതിന്‍റെ പരിധി മൂന്ന് ലക്ഷം വരെ ഉയര്‍ത്തിയേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം വ്യക്തികള്‍ വാങ്ങുന്നതോ നിര്‍മിക്കുന്നതോ ആയ രണ്ടാമതൊരു ഭവനത്തിന് നികുതി ആനുകൂല്യം ബജറ്റില്‍ സര്‍ക്കാര്‍ പരാമര്‍ശിക്കാന്‍ സാധ്യതയുണ്ട്. രണ്ടാമത്തെ ഭവനത്തില്‍ നിന്ന് ലഭിക്കുന്ന വാടകയ്ക്ക് നികുതി ഇളവും പ്രഖ്യാപിച്ചേക്കും. ബജറ്റിലൂടെ ഭവന നിര്‍മാണ മേഖലയ്ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനങ്ങളുണ്ടായാല്‍ ബാങ്കിങ് മേഖലയ്ക്കും അത് സഹായകരമാകും.