Asianet News MalayalamAsianet News Malayalam

നാലുവരി റോഡിന്‍റെ പകുതി മാത്രം മതി, കേരളത്തിന്‍റെ അര്‍ധ അതിവേഗ റെയില്‍പാത ഈ രീതിയില്‍

സില്‍വര്‍ ലൈന്‍ എന്ന് താല്‍ക്കാലിക പേരു നല്‍കിയിരിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ റോഡുകള്‍ക്ക് താങ്ങാനാവാത്ത ഗതാഗത വര്‍ധന ഏറ്റെടുക്കുമെന്ന് അറിയിച്ചു. ഗതാഗതം ഒരു ദേശത്തിന്‍റെ ഭാവിയെ എങ്ങനെ നിര്‍ണയിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ എല്ലായിടത്തും നടക്കുകയാണ്.

semi high speed rail in Kerala
Author
Thiruvananthapuram, First Published Sep 6, 2019, 4:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനും കരുത്തേകാനായി കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടുവരെ നിര്‍മിക്കുന്ന നിര്‍ദ്ദിഷ്ട അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്ക് വാണിജ്യ, വ്യവസായ മേഖല എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. 

ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ), ട്രിവാന്‍ഡ്രം അജന്‍ഡ ടാസ്ക് ഫോഴ്സ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ് പദ്ധതി 2024-ല്‍ തന്നെ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് അറിയിച്ചു. 

സില്‍വര്‍ ലൈന്‍ എന്ന് താല്‍ക്കാലിക പേരു നല്‍കിയിരിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ റോഡുകള്‍ക്ക് താങ്ങാനാവാത്ത ഗതാഗത വര്‍ധന ഏറ്റെടുക്കുമെന്ന് അറിയിച്ചു. ഗതാഗതം ഒരു ദേശത്തിന്‍റെ ഭാവിയെ എങ്ങനെ നിര്‍ണയിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ എല്ലായിടത്തും നടക്കുകയാണ്. 2008 ല്‍ കേരളത്തില്‍ ആസൂത്രണം ചെയ്ത ദേശീയ പാതയില്‍ ഒരു ഇഞ്ചു പോലും 11 വര്‍ഷത്തിനിടെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഗതാഗത ബന്ധം ഇന്ന് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. അതുകൊണ്ടുതന്നെ അര്‍ധ അതിവേഗ പാത കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമാണെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.  

നാലു വരി റോഡ് നിര്‍മിക്കാന്‍ വേണ്ട സ്ഥലത്തിന്‍റെ പകുതി മാത്രമേ അതിവേഗ പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുന്നുള്ളുവെന്ന് പദ്ധതി അവതരിപ്പിച്ചുകൊണ്ട് കെആര്‍ഡിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ വി അജിത് കുമാര്‍ പറഞ്ഞു. സ്ഥലം നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ നഷ്ടപരിഹാരമാണ് നല്‍കുന്നത്. റെയില്‍പാതയ്ക്കൊപ്പം തന്നെ സര്‍വീസ് റോഡുകളും നിര്‍മിക്കുന്നതുകൊണ്ട് ഈ റോഡുമായി ബന്ധിപ്പിക്കപ്പെടുന്ന സ്ഥലത്തിന് മൂല്യം വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഓരോ വര്‍ഷവും അരലക്ഷം തൊഴിലവസരങ്ങളാണ് പാതനിര്‍മാണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് അജിത് കുമാര്‍ ചൂണ്ടിക്കാട്ടി. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പതിനൊന്നായിരത്തിലേറെ  പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കും. സാമ്പത്തിക, വ്യവസായ വളര്‍ച്ചയിലൂടെ സംസ്ഥാനത്തിന്‍റെ പുരോഗതിയെ പാത ഉത്തേജിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

അതിവേഗ ട്രെയിനുകള്‍ക്ക് ഓരോ കിലോമീറ്ററിനും അഞ്ചു രൂപയോളം യാത്രാചെലവു വരുമ്പോള്‍ അര്‍ധ അതിവേഗ ട്രെയിനുകള്‍ക്ക് 2.75 രൂപ മാത്രമാണ് ചെലവ്. കേരളത്തിലെ ഏത് രാജ്യാന്തര വിമാനത്താവളത്തിലും  രണ്ടു മണിക്കൂറിനുള്ളില്‍ എത്തിച്ചേരാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

Follow Us:
Download App:
  • android
  • ios