മുംബൈ: കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും വളര്‍ച്ച പ്രകടിപ്പിച്ച ഇന്ത്യന്‍ സ്റ്റീല്‍ വ്യവസായത്തില്‍ ഈ വര്‍ഷം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും 7.5 മുതല്‍ എട്ട് ശതമാനം വരയായിരുന്നു ആഭ്യന്തര ഉരുക്ക് വ്യവസായത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ച. എന്നാല്‍, ഈ വര്‍ഷം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ മേഖലയ്ക്ക് ശുഭകരമല്ല.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുളള കണക്കുകള്‍ പ്രകാരം ആഭ്യന്തര ഉരുക്ക് വ്യവസായത്തിലെ ഇടിവ് നാല് മുതല്‍ അഞ്ച് ശതമാനം വരെയാണ്. പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. നിര്‍മാണ - ഓട്ടോമൊബൈല്‍ മേഖലയിലുണ്ടായ വളര്‍ച്ചാ മുരടിപ്പാണ് ഉരുക്ക് വ്യവസായത്തിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. 

ഈ സാമ്പത്തിക വർഷം സ്റ്റീല്‍ വിൽപ്പനയില്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെ കുറവ് രേഖപ്പെടുത്തുമെന്ന് ക്രിസിൽ കൂട്ടിച്ചേർത്തു. ക്രിസിലിന്റെ കണക്കനുസരിച്ച് 2020 സാമ്പത്തിക വർഷത്തിൽ 12-13 ശതമാനത്തിന്‍റെ വരെ കുറവ് ഉണ്ടാകുമെന്നും ക്രിസില്‍ കണക്കാക്കുന്നു. ഉരുക്ക് വ്യവസായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഇടിവ് വലിയ തൊഴിലില്ലായ്മയ്ക്ക് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.