ഇപ്പോള്‍ രാജ്യത്ത് ലെയ്സ് ആണ് താരം, കാരണക്കാരന്‍ അത് നിര്‍മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങും. ലെയ്സ് നിര്‍മാണത്തിനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് സങ്കര ഇനമായ എഫ്എല്‍ 2027 (എഫ്‍സി 5) അനുമതിയില്ലാതെ ഗുജറാത്തിലെ കര്‍ഷകര്‍ കൃഷി ചെയ്തു എന്ന ആരോപണവുമായി പെപ്സികോ മുന്നോട്ടു വന്നതാണ് വിവാദങ്ങളുടെ തുടക്കം. ഉത്തര ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ നാല് കര്‍ഷകരില്‍ നിന്ന് ഇതിന് നഷ്ടപരിഹാരമായി 1.05 കോടി രൂപ വേണമെന്നാണ് പെപ്സികോ ആവശ്യപ്പെട്ടത്.

ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ലെയ്സ് നിര്‍മാണത്തിനുപയോഗിക്കുന്ന എഫ്എല്‍ 2027 (എഫ്‍സി 5) വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് തങ്ങളുടെ സ്വന്തമാണെന്നും, അത് കൃഷി ചെയ്യാനും വിതരണത്തിനും ഉപയോഗിക്കാനും തങ്ങള്‍ക്ക് മാത്രമാണ് അവകാശമെന്നും പെപ്സികോ വാദിക്കുന്നു. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ജങ്ഫുഡായ ലെയ്സ് നിര്‍മാണത്തിന് മാത്രമായി വികസിപ്പിച്ചതാണെന്നും പെപ്സികോ ഇന്ത്യ വാദിക്കുന്നു. 2001 ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് (പിപിവി & എഫ്ആര്‍) ആക്ട് പ്രകാരം പ്രസ്തുത ഉരുളക്കിഴങ്ങ് ഹൈബ്രിഡിന് (സങ്കരഇനം) മേല്‍ എക്സ്ക്ലൂസീവ് അധികാരങ്ങള്‍ കമ്പനിക്കുളളതായി അവര്‍ വിശദീകരിക്കുന്നു. വിഷയം കോടതി മുറിയില്‍ എത്തിയതോടെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പെപ്സികോ അറിയിച്ചു.

അഹമ്മദാബാദിലെ കൊമേഴ്ഷ്യല്‍ കോടതിയാണ് കേസ് പരിഗണിച്ചത്. കോടതിക്ക് പുറത്തുവച്ച് പ്രശ്നം പരിഹരിക്കാമെന്ന നിലപാടാണ് പെപ്സികോയ്ക്ക്. 

ഒന്നല്ല, ഇരുപതോളം ഉരുളക്കിഴങ്ങ് ഇനങ്ങള്‍ സ്വന്തം

2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പ്ലാന്‍റ് വെറൈറ്റി ആന്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഏകദേശം 20 തോളം സങ്കര വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങുകള്‍ക്ക് മുകളില്‍ പെപ്സികോയ്ക്ക് കുത്തക അവകാശമുണ്ട്. 2016 നും 2019 നും ഇടയിലാണ് വ്യാപകമായി ഇത് പെപ്സികോ നേടിയെടുത്തത്. ഈ ലൈസന്‍സിന് (കുത്തക അവകാശത്തിന്) 15 വര്‍ഷമാണ് കാലവധി. പെപ്സികോയുടെ കൈവശമുളള ഇരുപതോളം സങ്കര ഇനം ഉരുളക്കിഴങ്ങ് വിഭാഗങ്ങളില്‍ ഒന്നായ എഫ്എല്‍ 2027 മായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ രാജ്യത്ത് തര്‍ക്കം ഉയരുന്നത്. അതായത് ഉരുളക്കിഴങ്ങ് കൃഷിയുമായി ബന്ധപ്പെട്ട് സമാനമായ കേസുകള്‍ ഇനിയും രാജ്യത്ത് ഫയല്‍ ചെയ്തേക്കാം. പ്രസ്തുത നിയമത്തിലെ 24 -ാം വകുപ്പ് പ്രകാരം ലൈസന്‍സ് ലഭിച്ച വ്യക്തിക്കല്ലാതെ 15 വര്‍ഷ കാലാവധിയില്‍ മറ്റാര്‍ക്കും ഈ ഭക്ഷ്യ ഉല്‍പ്പന്നം കൃഷി ചെയ്യാന്‍ സാധിക്കില്ല. ആ നിയമത്തിലെ 64 -ാം വകുപ്പ് അടിസ്ഥാനപ്പെടുത്തിയാണ് (കുത്തക അവകാശ സംരക്ഷണം) കര്‍ഷകര്‍ക്കെതിരെ പെപ്സികോ ഇപ്പോള്‍ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. 

ഇത് സാധാരണ ഉരുളക്കിഴങ്ങല്ല...

ചിപ്പ്സ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ അന്നജം ഉണ്ടാകണം, എന്നാല്‍ പഞ്ചസാരയുടെ അളവ് കൂടാനും പാടില്ല. പഞ്ചസാരയുടെ അളവ് കൂടിയ ഉരുളക്കിഴങ്ങാണെങ്കില്‍ വറക്കുമ്പോള്‍ അതിന് ബ്രൗണ്‍ നിറം കൂടുതല്‍ വരും. ഇത്തരം ഉരുളക്കിഴങ്ങ് ചിപ്പ്സ് നിര്‍മാണത്തിന് യോഗ്യമല്ല, രുചിയും കുറവാകും. ഇത്തരം വെറൈറ്റികള്‍ ഇന്ത്യയില്‍ കുറവായതിനാല്‍ ചിപ്പ്സിനായി ഉരുളക്കിഴങ്ങ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. ഇതിന് പരിഹാരമായാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന് കീഴില്‍ നിരവധി ഗവേഷണങ്ങള്‍ക്ക് ശേഷം ചിപ്സ് നിര്‍മാണത്തിന് അനുയോജ്യമായ ഉരുളക്കിഴങ്ങ് വികസിപ്പിച്ചെടുത്തത്. കുഫ്രി ചിപ്പ്സോണ എന്ന പേരില്‍ അറിയിപ്പെടുത്ത ഉരുളക്കിഴങ്ങ് സങ്കര ഇനങ്ങള്‍ ഇതിനായി വികസിപ്പിച്ചതാണ്. 

ഇതേ രീതിയില്‍ വികസിപ്പിച്ചെടുത്ത ഒരു ഉരുളക്കിഴങ്ങ് വെറൈറ്റിയാണ് എഫ്എല്‍ 2027 അഥവാ എഫ്‍സി 5. ഈ ഉരുളക്കിങ്ങ് വെറൈറ്റിക്ക് മുകളില്‍ കമ്പനിക്ക് എക്സക്ലൂസീവ് അധികാരണങ്ങളുണ്ടെന്നാണ് പെപ്സികോയുടെ വാദം. അതിനാല്‍ തന്നെ കര്‍ഷകര്‍ കമ്പനിയെ അറിയിക്കാതെ കൃഷി ചെയ്തതത് നിയമ വിരുദ്ധമാണെന്ന് അവര്‍ വാദിക്കുന്നു. പ്രധാനമായും കാര്‍ഷിക വിളകളുമായും ഉല്‍പ്പന്നങ്ങളുമായും ബന്ധപ്പെട്ട് രണ്ട് തരം ലൈസന്‍സാണ് നല്‍കി വരുന്നത്. എക്സ്ക്ലൂസീവ് ലൈസന്‍സും, നോണ്‍ എക്സക്ലൂസീവ് ലൈസന്‍സും ഇതില്‍ എക്സ്ക്ലൂസീവ് ലൈസന്‍സ് ഉളള ഉല്‍പന്നങ്ങളും വിളകളും ഉല്‍പാദിപ്പിക്കാനും വില്‍ക്കാനും വിതരണം ചെയ്യാനും ഈ ലൈസന്‍സ് ലഭിച്ചിട്ടുളള വ്യക്തിക്ക് മാത്രമാകും അധികാരം. 

ഇന്‍റലിജന്‍സ് ഏജന്‍സിയുടെ കണ്ടെത്തല്‍

എഫ്എല്‍ 2027 വെറൈറ്റി ഉരുളക്കിഴങ്ങ് ചില കര്‍ഷകര്‍ കൃഷി ചെയ്യുന്നതായി കണ്ടെത്തിയത് ഇന്‍ഡസ് ഇന്‍റലിക് റിസ്ക് ആന്‍ഡ് ഇന്‍ഡലിസെന്‍സ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്‍റലിജന്‍സ് ഏജന്‍സിയാണ്. പെപ്സികോയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ അന്വേഷണം. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ കുത്തക അവകാശം (എക്സ്ക്ലൂസീവ് ലൈസന്‍സ്) കര്‍ഷകര്‍ ലംഘിച്ചതായി കാണിച്ച് പെപ്സികോ നിയമ നടപടികളിലേക്ക് നീങ്ങിയത്. എന്നാല്‍, ഇന്ത്യയില്‍ ഇത്തരത്തില്‍ നിയമ വിരുദ്ധമായ കൃഷി പലയിടങ്ങളിലും നടക്കുന്നതായാണ് കൃഷി വിദഗ്ധരുടെ അഭിപ്രായം. കുത്തക അവകാശത്തെ സംബന്ധിച്ച അറിവില്ലായ്മയാണ് ഇത്തരത്തിലുളള കൃഷിയിലേക്ക് കര്‍ഷകരെ നയിക്കുന്നത്. മികച്ച വിളവ് ലഭിക്കുമെന്ന തോന്നലിനെ മുന്‍നിര്‍ത്തി മാത്രമാണ് ഇത്തരം സാഹസങ്ങള്‍.

തട്ടിയെടുപ്പും അഴിയാക്കുരുക്കും

സങ്കര വിഭാഗത്തെ ഉല്‍പാദിപ്പിക്കുന്നവന്‍, ഉല്‍പാദകന്‍റെ പിന്തുടര്‍ച്ചവകാശി, ഉല്‍പാദകന്‍ നിയമം മൂലം എഴുതിക്കൊടുക്കുന്ന ആള്‍ തുടങ്ങിയവര്‍ക്കാണ് പ്ലാന്‍റ് വെറൈറ്റി പ്രോട്ടക്ഷന്‍ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കുന്നത്. രാജ്യത്തിന്‍റെ പലഭാഗത്തും പരമ്പരാഗതമായ അറിവുകളെ മുന്‍ നിര്‍ത്തി ചില കൃഷി രീതികളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും നിലവിലുണ്ട്. ഇതിനെക്കൂടാതെ സ്വാഭാവിക പ്രക്രിയയിലൂടെ വികസിച്ചുവന്ന നിരവധി സങ്കര ഇനം വിളകളും കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നത്തിന്‍റെ തുച്ഛമായ വില മാത്രം നല്‍കി ഇത്തരം വിളയുടെയും കൃഷി രീതിയുടെയും കുത്തക അവകാശം കമ്പനികളോ, വ്യക്തികളോ നേടിയെടുക്കാറുണ്ടെന്നും കിഴങ്ങ് വര്‍ഗ്ഗ ഗവേഷകര്‍ പറയുന്നു. ഇത്തരക്കാര്‍ക്കും പ്ലാന്‍റ് വെറൈറ്റി പ്രോട്ടക്ഷന്‍ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാറുണ്ട്. ഇത് രാജ്യത്തെ കാര്‍ഷിക- സാമൂഹിക- സാമ്പത്തിക രംഗത്തിന് തന്നെ വലിയ ഭീഷണിയാണ്. 

ഇത്തരം നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് പലപ്പോഴും കടുത്ത അവകാശ ലംഘനങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍, ബൗദ്ധിക സ്വത്തവകാശത്തിന്‍റെ പരിധിയില്‍ വരുന്ന വിഷയങ്ങളായതിനാല്‍ ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്തുക രാജ്യത്തിന് പ്രയാസകരമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ബൗദ്ധിക സ്വത്തവകാശ നിയമത്തിന്‍റെ ഏകീകരണത്തിനായി 1994 ല്‍ ഇന്ത്യ ഒപ്പിട്ട അന്താരാഷ്ട്ര വ്യാപാര സംഘടനയുടെ ട്രിപ്സ് എഗ്രിമെന്‍റുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ അടിസ്ഥാനമാക്കി  മാത്രമേ ഇന്ത്യയ്ക്ക് ഈ വിഷയത്തില്‍ നിയമ ഭേദഗതി നടത്താന്‍ സാധിക്കുകയൊള്ളൂ. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കാതെ തന്നെ കര്‍ഷകര്‍ക്ക് ഇളവുകള്‍ നല്‍കുന്ന രീതിയിലേക്ക് നിയമത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഇനിയും ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുളളതായി കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

പെപ്സിയും കര്‍ഷകരും

കര്‍ഷകരെ സംബന്ധിച്ച് ഇത്തരമൊരു സാഹചര്യത്തില്‍ നിയമനൂലമാലകളില്‍ നിന്ന് പുറത്ത് കടക്കുക പ്രയാസമാണ്. കര്‍ഷകര്‍ രജിസ്റ്റേര്‍ഡ് എഫ്‍സി -5 വെറൈറ്റി ഉരുളക്കിഴങ്ങ് വിത്തുകള്‍ വാങ്ങാമെന്നും അത് കമ്പനിക്ക് തന്നെ വില്‍ക്കാമെന്നും കരാറില്‍ ഒപ്പുവയ്ക്കുകയാണെങ്കില്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്നാണ് പെപ്സിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കോടതിക്ക് പുറത്തുവച്ച് പ്രശ്നം പരിഹരിക്കാനാണ് താല്‍പര്യമെന്നും ലെയ്സിന്‍റെ ബ്രാന്‍ഡ് അവകാശിയായ പെപ്സികോ പറയുന്നു. പെപ്സികോയ്ക്കായി ഗുജറാത്തിലെ 1,200 ഓളം കര്‍ഷകര്‍ എഫ്‍സി- 5 വെറൈറ്റി ഉരുളക്കിഴങ്ങുകള്‍ നിലവില്‍ കൃഷി ചെയ്യുന്നുണ്ട്. ഇവരോടൊപ്പം ഈ കര്‍ഷകരെയും പരിഗണിക്കാമെന്നാണ് പെപ്സി പറയുന്നത്. അല്ലെങ്കില്‍ ഇനിമുതല്‍ എഫ്‍സി- 5 വെറൈറ്റി കൃഷി ചെയ്യില്ലെന്ന് കര്‍ഷകര്‍ രേഖമൂലം ഉറപ്പ് നല്‍കണമെന്നും പെപ്സികോ കോടതിയില്‍ വാദിച്ചു. 

 ഗുജറാത്തിലെ കര്‍ഷകര്‍ ഇതിന് തയ്യാറായില്ലെങ്കില്‍ കേസ് വീണ്ടും കൂടുതല്‍ നിയമക്കുരുക്കിലേക്ക് നീങ്ങിയേക്കും. കേസ് വാദം കേള്‍ക്കാനായി കോടതി ജൂണ്‍ 12 ലേക്ക് മാറ്റിയിരിക്കുകയാണിപ്പോള്‍. ലെയ്സ് -ഉരുളക്കിഴങ്ങ് വിവാദം കടുത്തതോടെ സാമൂഹിക മാധ്യമങ്ങളിലും പുറത്തും പെപ്സികോയ്ക്ക് എതിരെയും ലെയ്സിനെതിരെയും വലിയ കാമ്പയിനാണ് ഉയരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്താന്‍ പോകുന്ന സര്‍ക്കാരിന് മുന്നില്‍ 2001 ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ടിലെ പഴുതുകള്‍ വെല്ലുവിളിയായേക്കും.