ദില്ലി: ബജറ്റ് പ്രഖ്യാപനത്തില്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപകര്‍ക്ക്(എഫ്‍ഡി) ആശ്വാസം. സ്ഥിര നിക്ഷേപകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുലക്ഷം  രൂപയില്‍ നിന്ന് അഞ്ച് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. മുംബൈ അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് തകര്‍ന്നതിന് ശേഷം നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ തുക വര്‍ധിപ്പിച്ചത്. സ്ഥിര നിക്ഷേപം ഏതെങ്കിലും സാഹചര്യത്തില്‍ ബാങ്കിന് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇൻഷുറന്‍സ് നല്‍കുക.

പദ്ധതി സേവിംഗ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കും ഗുണം ചെയ്യും. റിസര്‍വ് ബാങ്കിന്‍റെ ഉപവിഭാഗമായ ഡെപ്പോസിറ്റ് ഇൻഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്‍റി കോര്‍പറേഷനാണ് ഇന്‍ഷുറന്‍സ് നല്‍കുന്നത്. നിക്ഷേപകരില്‍ നിന്ന് നേരിട്ട് പ്രീമിയം പിടിക്കില്ല. പകരം ഉപഭോക്താക്കളെ നോമിനിയാക്കി ബാങ്ക് പ്രീമിയം അടയ്ക്കണം. ബാങ്ക് പൂട്ടിപ്പോയാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക ലഭിക്കൂ. ബാങ്ക് പ്രതിസന്ധിയിലാണെങ്കില്‍ പോലും ഇൻഷുറന്‍സ് പണം ലഭിക്കില്ല. ഒരുബാങ്കിന്‍റെ വ്യത്യസ്ത ബ്രാഞ്ചുകളില്‍ പണം നിക്ഷേപിച്ചാലും മൊത്തം തുകയായി പരിഗണിക്കും.

പൊതുമേഖലാ ബാങ്കുകള്‍ക്ക് പുറമെ, സഹകരണ, സ്വകാര്യ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ബാധകമാകും. വിദേശ സര്‍ക്കാറുകളുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിക്ഷേപം, ഇൻറര്‍ബാങ്ക് നിക്ഷേപം എന്നിവക്ക് ഇന്‍ഷുറന്‍സ് ബാധകമല്ല.