ദോഹ: അസംസ്കൃത എണ്ണവില വിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. സൗദി ഓയില്‍ സ്റ്റേഷന്‍ ആക്രമണവും അമേരിക്കന്‍ സൈനിക നീക്കവും മൂലം എണ്ണവില വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ഉയരുകയാണ്. നേരത്തെ ഈ മാസം ആദ്യം ഇറാനെതിരെ പൂര്‍ണ ഉപരോധം നടപ്പാക്കിയതിന് പിന്നാലെ ഉണ്ടായതിന് സമാനമായ വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

സൗദിയിലെ ഓയിൽ സ്റ്റേഷനുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി എന്ന വാർത്ത വന്നതിന് ശേഷമാണ് എണ്ണവില കൂടിയത്. സൗദിയുടേത് അടക്കമുള്ള എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം, അമേരിക്കയുടെ സൈനിക നീക്കം എന്നിവയും എണ്ണവില ഉയരാൻ കാരണമായി. ബ്രെൻഡ് ക്രൂഡ് ബാരലിന് 71.03 ഡോളർ എന്ന നിരക്കിലേക്ക് എണ്ണവില ഉയർന്നു.1.4% വർധനയാണ് ഒരു ദിവസം കൊണ്ട് എണ്ണവിലയിലുണ്ടായത്. 

ഇന്ന് എണ്ണവിലയില്‍ നേരിയ കുറവ് ഉണ്ടായെങ്കിലും 70 മുകളില്‍ തന്നെ എണ്ണവില തുടരുന്നത് ഇന്ത്യ അടക്കമുളള എണ്ണ ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ന് ബാരലിന് 70.82 ഡോളറാണ് ക്രൂഡ് ഓയില്‍ നിരക്ക്. എണ്ണ ആവശ്യകതയുടെ 83.7 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി പരിധികള്‍ക്കപ്പുറത്തേക്ക് ഉയരാനിടയാക്കും. ഇതോടൊപ്പം, തെരഞ്ഞടുപ്പിന് ശേഷം രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഉയരാനും അന്താരാഷ്ട്ര വിലക്കയറ്റം കാരണമായേക്കും.