കഴിഞ്ഞ ദിവസം ഇന്ത്യന്‍ സാമ്പത്തിക രംഗത്തുണ്ടായ ഏറ്റവും പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു യെസ് ബാങ്കിന്‍റെ ബോര്‍ഡിലേക്ക് ആര്‍ബിഐയുടെ മുന്‍ ഡെപ്യുട്ടി ഗവര്‍ണറായ ആര്‍ ഗാന്ധിയെ നിയമിച്ചു കൊണ്ടുളള റിസര്‍വ് ബാങ്കിന്‍റെ നടപടി. യെസ് ബാങ്കിന്‍റെ ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്ടറായാണ് ഗാന്ധിയെ റിസര്‍വ് ബാങ്ക് നിയമിച്ചത്. 

ഇതിന് പിന്നാലെ ബാങ്കിന്‍റെ വിപണി മൂല്യത്തില്‍ ഏട്ട് ശതമാനത്തിന്‍റെ ഇടിവ് നേരിട്ടു. രണ്ട് വര്‍ഷത്തിടയിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്കാണ് ഇതോടെ യെസ് ബാങ്കിന്‍റെ ഓഹരി എത്തിയത്. ബുധനാഴ്ച മുംബൈ ഓഹരി സൂചിയില്‍ ബാങ്കിന്‍റെ ഓഹരി മൂല്യം 143.65 എന്ന കുറഞ്ഞ നിരക്കിലേക്ക് എത്തി. കുറെ കാലമായി പുറത്ത് വിടാതെ വച്ചിരുന്ന കമ്പനിയുടെ നഷ്ടക്കണക്കുകള്‍ പുതിയ സിഇഒയായ റാവ്നീത് ഗില്‍ പുറത്തുവിട്ടതാണ് ബാങ്കില്‍ നിക്ഷേപകര്‍ക്ക് വിശ്വാസത്തകര്‍ച്ചയുണ്ടാകാനുളള പ്രധാന കാരണം. 

ഇതിന് പിന്നാലെ മിക്ക വ്യാപാര സെഷനുകളിലും ബാങ്കിന്‍റെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് നേരിട്ട് ഇപ്പോള്‍ ബാങ്കിന്‍റെ ബോര്‍ഡില്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് ആര്‍ ഗാന്ധിയുടെ നിയമനം. ഇതോടെ യെസ് ബാങ്കിന്‍റെ എല്ലാ തീരുമാനങ്ങളിലും ഇനിമുതല്‍ റിസര്‍വ് ബാങ്കിന്‍റെ നിരീക്ഷണമുണ്ടാകുമെന്നുറപ്പായി. 

സംശയം മറ്റ് ബാങ്കുകളിലേക്കും...

നിഷ്ക്രിയ ആസ്തിയുടെ വര്‍ധനവിനെ തുടര്‍ന്ന് ഇന്ത്യയിലെ ബാങ്കുകളെല്ലാം പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കാലയളവില്‍ അതേ പ്രതിസന്ധി മറച്ചുവച്ചതിലൂടെയാണ് യെസ് ബാങ്കിന് തകര്‍ച്ച നേരിട്ടത്. യെസ് ബാങ്കിന്‍റെ മൂല്യത്തകര്‍ച്ചയും പ്രതിസന്ധിയും രാജ്യത്തെ മറ്റ് ബാങ്കുകളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നതിന്‍റെ കാരണവും ഇതുതന്നെയാണ്. 'സാധാരണ ഗതിയില്‍ നേരത്തെ പാദഫലം പുറത്ത് വിടുന്ന ചില ബാങ്കുകള്‍ ഇതുവരെ ഫലം പുറത്ത് വിട്ടിട്ടില്ല. ഇത് പല സംശയങ്ങളും നിക്ഷേപകരിലുണ്ടാക്കുന്നു. യെസ് ബാങ്കിന്‍റെ വീഴ്ച രാജ്യത്തെ ബാങ്കിങ് മേഖലയില്‍ ആശങ്ക വര്‍ധിക്കുന്നതിന് കാരണമായി എന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ ദിവസം ഗാന്ധിയുടെ നിയമന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഓഹരി വിപണി അതിനെ വീക്ഷിച്ചത് ബാങ്ക് വലിയ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നതെന്നാണ്. അതാണ് വിപണി മൂല്യം താഴേക്ക് പോയത്. എന്നാല്‍, ഗാന്ധിയിലൂടെ റിസര്‍വ് ബാങ്ക് യെസ് ബാങ്കിനെ മെച്ചപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുകയാണ്. യെസ് ബാങ്ക് ശക്തമായി തിരിച്ചു വരും' പ്രമുഖ വിപണി നിരീക്ഷകനായ ഹെഡ്ജ് ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്‍റ് കൃഷ്ണന്‍ തമ്പി അഭിപ്രായപ്പെട്ടു. 

യെസ് ബാങ്ക് ചീഫ് എക്സിക്യൂട്ടീവായിരുന്ന റാണ കപൂറിന് വീണ്ടും കാലാവധി നീട്ടി നല്‍കുന്നതിനെ റിസര്‍വ് ബാങ്ക് ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് റാവ്നീത് ഗില്‍ ആ സ്ഥാനത്തേക്ക് എത്തുന്നത്. റാവ്നീത് ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ യെസ് ബാങ്കിന്‍റെ പാദ നഷ്ടക്കണക്കുകള്‍ പുറത്തുവിട്ടു. കിട്ടാക്കടമാണ് യെസ് ബാങ്കിനെ ഭീമന്‍ നഷ്ടത്തിലേക്ക് തള്ളിവിട്ടത്. മാര്‍ച്ച് പാദത്തില്‍ 1,506 കോടി നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ബാങ്കിന്‍റെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍. 

റിസര്‍വ് ബാങ്കിന്‍റെ ചൂരല്‍

രാജ്യത്തെ വിപണി മൂല്യത്തില്‍ ഏറ്റവും വലിയ പത്താമത്തെ ബാങ്കായ റിസര്‍വ് ബാങ്കിന്‍റെ തിരുത്തല്‍ നടപടികളിലൂടെ വീണ്ടും ശക്തിപാപിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷരുടെ പ്രതീക്ഷ. യെസ് ബാങ്കിന്‍റെ പ്രതിസന്ധി പുറം ലോകം അറിയുന്നത് രണ്ട് വര്‍ഷം മുമ്പാണ്. ബാങ്കിന്‍റെ പേരിലുളള നിഷ്ക്രിയ വായ്പയായ 63 കോടി ഡോളര്‍ വെളിപ്പെടുത്തണമെന്ന് ബാങ്കിങ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടതോടെയാണ് യെസ് ബാങ്ക് പ്രതിസന്ധിയ്ക്ക് തുടക്കമാകുന്നത്. 

രാജ്യത്തെ നിരവധി ബാങ്കുകളെ നിഷ്ക്രിയ ആസ്തികളെ സംബന്ധിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിന് റിസര്‍വ് ബാങ്ക് പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ (പിസിഎ) നടപടികളുമായി മുന്നോട്ട് പോവുകയാണിപ്പോള്‍. ഇതിനിടയിലാണ് ഇന്ത്യയിലെ തലയെടുത്ത് നില്‍ക്കുന്ന ബാങ്ക് ഓഹരി വിപണിയില്‍ ഇടിവ് നേരിടുന്നത്. അതിനാല്‍ തന്നെ രാജ്യത്തെ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ അപകടം ഒഴിവാക്കുകയാണ് റിസര്‍വ് ബാങ്ക് പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യം.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.