മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ കള്ളപ്പണം വെളിപ്പിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്മെന്‍റ് കേസെടുത്തു. ഐ.എന്‍.എക്‌സ് മീഡിയ മേധാവികളായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരാണ് കൂട്ടു പ്രതികള്‍

പി ചിദംബരം ധനകാര്യമന്ത്രി ആയിരിക്കെ നടന്ന ഇടപാടുകളാണ് കേസിന് ആധാരം. ഐ.എന്‍.എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. 4.62 കോടി രൂപ സമാഹരിക്കാനാണ് അനുമതി നല്‍കിയതെങ്കിലും ചട്ടം ലംഘിച്ച് 305 കോടി രൂപ സമാഹരിച്ചു. ഇതേക്കുറിച്ച് അന്വേഷണം വന്നതോടെ കേസ് നടത്താന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഉടമസഥതയിലുളള ചെസ് മാനേജ്മെന്റ് സര്‍വീസ് എന്ന കമ്പനിയെ കണ്‍സല്‍ട്ടന്റായി നിയമിച്ചു. പിന്നീട് ഇതേക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. 

ഇടപാടിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യുകയും കാര്‍ത്തിയുമായി ബന്ധപ്പെട്ട 14 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി നിരവധി രേഖകള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് കള്ളപ്പണം വെളിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും തീരുമാനിച്ചത്. കാര്‍ത്തിയുടെ കമ്പനിക്ക് കൈമാറിയ പണത്തിന്റെ ഉറവിടം കണ്ടെത്തുമെന്ന് എന്‍ഫോഴ്‌സ്മെന്റ് വ്യക്തമാക്കി. അന്വേഷണം ഔര്‍ജിതമായതോടെ കാര്‍ത്തി ചിദംബരം വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇദ്ദേഹം ലണ്ടനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.