കൊച്ചി: രാജ്യവ്യാപകമായി മുട്ട വില കുത്തനെ ഉയരുന്നു. സംസ്ഥാനത്തെ വിപണികളിലും വിലക്കയറ്റം പ്രതിഫലിച്ചുതുടങ്ങി. അഞ്ച് രൂപയില്‍ താഴെ മാത്രമായിരുന്ന വില ഇന്ന് ആറ് രൂപയ്‌ക്ക് മുകളിലെത്തി. രാജ്യത്ത് മറ്റ് പല നഗരങ്ങളിലും ഏഴ് രൂപ മുതല്‍ ഒന്‍പത് രൂപ വരെയാണ് മുട്ടയുടെ വില. മെട്രോ നഗരങ്ങളില്‍ എല്ലായിടത്തും ഇപ്പോള്‍ തന്നെ ഒന്‍പത് രൂപയ്‌ക്കാണ് വില്‍പ്പന.

കഴിഞ്ഞ വര്‍ഷം കോഴിമുട്ടയ്‌ക്ക് വിലയിട‌ിഞ്ഞത് മൂലം കര്‍ഷകര്‍ക്ക് കനത്ത നഷ്‌ടം നേരിടേണ്ടി വന്നിരുന്നു. ഇക്കാരണത്താല്‍ ഈവര്‍ഷം ഉല്‍പ്പാദനത്തില്‍ 30 ശതമാനത്തോളം കുറവുവരുത്തിയിരുന്നു. ഇതാണ് ഇക്കുറി കടുത്ത വിലക്കയറ്റത്തിന് ഇടയാക്കിയത്. കഴിഞ്ഞ വര്‍ഷം നാല് രൂപയോളമാണ് ഒരു മുട്ടയ്‌ക്ക് കര്‍ഷകന് ലഭിച്ചത്. 3.50 രൂപയോളം ഉല്‍പ്പാദന ചിലവും വന്നിരുന്നു. നിരവധി കര്‍ഷകര്‍ ഈ രംഗത്ത് നിന്ന് പിന്മാറാന്‍ ഇത് കാരണമായി. പലരും ഉല്‍പ്പാദനം കുറച്ചു. ഇതോടെയാണ് കഴിഞ്ഞ വര്‍ഷം പരമാവധി അഞ്ച് രൂപയ്‌ക്ക് ലഭിച്ചിരുന്ന കോഴിമുട്ടയ്‌ക്ക് ഇപ്പോള്‍ ഏഴ് രൂപയിലധികമായി മാറിയത്. പൊതുവെ ആവശ്യക്കാര്‍ കുറവായ താറാവ് മുട്ടയ്‌ക്കും കാട മുട്ടയ്‌ക്കും തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നാണ് കേരളത്തിലേക്ക് മുട്ട എത്തിക്കുന്നത്. വില ഉയര്‍ന്നതോടെ മുട്ട വില്‍പ്പനയിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ വില അധികം വൈകാതെ കുറയുമെന്നാണ് വിപണയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.