ന്യൂഡല്‍ഹി: ഇ.പി.എഫ് വരിക്കാരുടെ ഓഹരി നിക്ഷേപത്തിന്റെ ലാഭം നേരിട്ട് അക്കൗണ്ടിലേക്ക് കൈമാറും. തങ്ങളുടെ ഓഹരി നിക്ഷേപം വരിക്കാര്‍ക്ക് പരിശോധിക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട പുതിയ അക്കൗണ്ടിങ് നയം ഇ.പി.എഫ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം അംഗീകരിച്ചു. ഇതു ചൂണ്ടിക്കാട്ടി ഇ.പി.എഫ് പലിശ കുറയ്‌ക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇ.പി.എഫ് നിക്ഷേപത്തിന്റെ 15 ശതമാനമാണ് ഇടിഎഫ് വഴി ഓഹരിയില്‍ നിക്ഷേപിക്കുന്നത്. വരിക്കാര്‍ക്ക് പരമാവധി നേട്ടം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2015ലാണ് ഇത്തരത്തിലുള്ള നിക്ഷേപം ഇ.പി.എഫ്.ഒ തുടങ്ങിയത്. പുതിയ തീരുമാനം അനുസരിച്ച് 15 ശതമാനം ഓഹരി നിക്ഷേപം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പോലെ ഓരോരുത്തരുടെയും അക്കൗണ്ടില്‍ വരവുവെയ്‌ക്കും. പി.എഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഇതും പണമാക്കിമാറ്റാം. സ്വന്തം നിക്ഷേപത്തിന്റെ വിപണി വില എപ്പോഴും വരിക്കാര്‍ക്ക് പരിശോധിക്കാന്‍ സാധിക്കുന്നതിനാല്‍ ഇതിന്റെ നേട്ടവും കോട്ടവും വിലയിരുത്തി എപ്പോള്‍ പണം പിന്‍വലിക്കണമെന്ന് തീരുമാനിക്കാം.

ഇത് മുന്‍നിര്‍ത്തിയാണ് ഇ.പി.എഫ് നിക്ഷേപങ്ങളുടെ പലിശ കുറയ്‌ക്കാന്‍ നീക്കം തുടങ്ങിയക്. ഇപ്പോള്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന 8.65 ശതമാനത്തില്‍ നിന്ന് വീണ്ടും കുറച്ചേക്കും. പലിശ നിരക്ക് കുറയ്‌ക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പ് തൊഴില്‍ വകുപ്പുമായി കൂടിയാലോചനകള്‍ നടത്തി വരികയാണ്. നേരത്തെ 8.8 ശതമാനം പലിശയായിരുന്നു ഇ.പി.എഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത് 8.65 ശതമാനമായി കുറച്ചു. രാജ്യത്താകമാനം വിവിധ രംഗങ്ങള്‍ തൊഴിലെടുക്കുന്ന 4.5 കോടിയോളം അംഗങ്ങളാണ് ഇ.പി.എഫ് പദ്ധതിയിലുള്ളത്.