ദില്ലി: ഇപിഎഫ് ആനുകൂല്യം ഇനി മുതല്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും ലഭ്യമാകും. ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യല്‍ സെക്യൂരിറ്റി പദ്ധതികളില്‍ ഭാഗമാകാത്തവര്‍ക്കാണ് രാജ്യത്തെ ഇപിഎഫില്‍ ഭാഗമാകാന്‍ സാധിക്കുക. കുറച്ച് കാലത്തേയ്ക്ക് വിദേശത്ത് ജോലിയ്ക്ക് പോവുന്നവര്‍ക്കാണ് പദ്ധതി ഏറെ പ്രയോജനകരമാകുക. ദില്ലിയില്‍ നടന്ന ദേശീയ സെമിനാറില്‍ ഇപിഎഫ് സെന്‍ട്രല്‍ ഫണ്ട് കമ്മീഷണറായ വി പി ജോയിയാണ് ഇക്കാര്യം വിശദമാക്കിയത്. പദ്ധതിയില്‍ ഭാഗമാവുന്നതിന് ഏറെ നൂലാമാലകളും ഇല്ലെന്ന് അദ്ദേഹം വിശദമാക്കി. പതിനെട്ട് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നതിന് ധാരണയായതായും വി പി ജോയി പറഞ്ഞു.
ഓണ്‍ലൈനില്‍ ലഭ്യമായ ഒരുപേജ് മാത്രമുള്ള അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നത് മാത്രമാണ് പദ്ധതിയില്‍ ഭാഗമാകുന്നതിന് വേണ്ടി ചെയ്യേണ്ടത്. ബെല്‍ജിയം, ജര്‍മനി, സ്വിറ്റ്സര്‍ലന്റ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, കൊറിയ, നെതര്‍ലന്‍റ്, ഹംഗറി, ഫിന്‍ലന്റ്, സ്വീഡന്‍, ചെക് റിപ്പബ്ലിക്, നോര്‍വെ, ആസ്ട്രിയ, കാനഡ, ആസ്ട്രേലിയ, ജപ്പാന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷ പദ്ധതി നടത്തിപ്പുകാരാണ് ഇപിഎഫ്ഒ. 9.26 ലക്ഷം സ്ഥാപനങ്ങളിലായി നാലര ലക്ഷത്തിലധികം ജീവനക്കാര്‍ക്കാണ് ഇപിഎഫിന്റെ സേവനം ലഭിക്കുന്നത്. അറുപത് ലക്ഷത്തിലധികം ആളുകള്‍ക്ക് മാസംതോറും ഇപിഎഫ് പെന്‍ഷനും നല്‍കുന്നുണ്ട്.
