തമിഴ്നാടാണ് ഫാക്ടംഫോസിന്‍റെ കാര്യത്തില്‍ കമ്പനിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ്

കൊച്ചി: ഖാരിഫ്, റാബി വിളകള്‍ക്ക് ആവശ്യമായി വരുന്ന ഫാക്ടംഫോസ് വിപണിയില്‍ പ്രതീക്ഷ വച്ച് ഫാക്ട് മുന്നേറുന്നു. ഖാരിഫ് വിളകള്‍ക്കായി ദക്ഷിണേന്ത്യയില്‍ 12 ലക്ഷം ടണ്ണും റാബി വിളകള്‍ക്കായി 10 ലക്ഷം ടണ്ണും ഈ സീസണില്‍ രാജ്യത്ത് വില്‍ക്കാനാവുമെന്നാണ് ഫാക്ടിന്‍റെ പ്രതീക്ഷ. തമിഴ്നാടാണ് ഫാക്ടംഫോസിന്‍റെ കാര്യത്തില്‍ കമ്പനിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ്.

കര്‍ണ്ണാടക, കേരളം, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവയാണ് ഫാക്ടിന് വന്‍ വില്‍പ്പന നല്‍കുന്ന മറ്റ് വിപണികള്‍. അസംസകൃത വസ്തുക്കളുടെ വില ഉയര്‍ന്ന് നില്‍ക്കുന്നത് ഉല്‍പ്പദന ചെലവ് ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, തകര്‍ത്ത് പെയ്യുന്ന കാലവര്‍ഷത്തില്‍ വലിയ പ്രതീക്ഷയാണുളളതെന്ന് ഫാക്ട് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡി. നന്ദകുമാര്‍ അറിയിച്ചു.

മൊറോക്കോയില്‍ നിന്ന് ലോജിസ്റ്റിക് പ്രതിസന്ധികള്‍ മൂലം ഫോസ്ഫോറിക് ആസിഡ് ഇറക്കുമതിയില്‍ വരാന്‍ സാധ്യതയുളള നിയന്ത്രണങ്ങള്‍ ഫാക്ടിന്‍റെ ഉല്‍പാദന ചെലവ് ഉയരാന്‍ കാരണമായേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.