കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ അഞ്ച് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. രണ്ടാംശനിക്കും ഞായറാഴ്ചക്കുമൊപ്പം ബക്രീദും ഓണവും എത്തിയതാണ് തുടര്‍ച്ചയായി അവധികള്‍ വരാന്‍ കാരണം. എടിഎമ്മുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്ന് ബാങ്കുകള്‍ അറിയിച്ചു. 

നാളെ രണ്ടാംശനി, പിറ്റേന്ന് ഞായറാഴ്ച, തിങ്കളാഴ്ച ബക്രീദ്, ചൊവ്വയും ബുധനും ഓണം അവധി. ബാങ്കിനി തുറക്കണമെങ്കില്‍ വ്യാഴാഴ്ച വരെ കാത്തിരിക്കണം. ഓണത്തിന്റെ ബക്രീദിന്റെയും തിരക്കുള്ള സമയത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കുന്നത് ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കും. എടിഎമ്മുകളിലെ പണം കാലിയാകുമെന്നതാണ് പ്രധാന പ്രശ്‌നം. എന്നാല്‍ ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ബാങ്കുകള്‍ അറിയിച്ചു. 

പൂരാടത്തിനും ഉത്രാടത്തിനുമാണ് പണത്തിന് ഏറ്റവും അവശ്യമുള്ള സമയം.  ഈ ദിവസങ്ങളില്‍ അവധിയാണെങ്കിലും ബാങ്കുകളിലെയും ഏജന്‍സികളിലെയും ജീവനക്കാരെത്തി എടിഎമ്മുകളില്‍ പണം നിക്ഷേപിക്കും. ഇതിനുള്ള പ്രത്യേക അനുമതി റിസര്‍വ് ബാങ്കില്‍ നിന്ന് നേടിയിട്ടുണ്ടെന്ന് എസ്ബിടി അധികൃതര്‍ അറിയിച്ചു. 

അവധിക്ക് ശേഷം വരുന്ന വ്യാഴാഴ്ച പ്രവൃത്തി ദിനമാണെങ്കിലും വെള്ളിയാഴ്ച വീണ്ടും അവധിയാണ്. ശ്രീനാരായണ ഗുരു ജയന്തി. ശനിയാഴ്ച പ്രവൃത്തി ദിവസം കഴിഞ്ഞാല്‍ ഞായര്‍ പിന്നെയും അവധി. ചുരുക്കത്തില്‍ 9 ദിവസത്തിനുള്ളില്‍ ഏഴ് ബാങ്ക് അവധി. ഭൂരിഭാഗം ബാങ്കുകളുടെയും ക്ലിയറിംഗ് സര്‍വീസ് ചെന്നൈയില്‍ നിന്നായതിനാല്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം തടസ്സപ്പെടാനിടയില്ല.