നിലവില്‍ ഓട്ടോമാറ്റിക് റൂട്ട് വഴി ഭക്ഷ്യ സംസ്കരണ മേഖലയില്‍ 100 ശതമാനം എഫ്‍ഡിഐ അനുവദിച്ചിട്ടുണ്ട്

ദില്ലി: 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഭക്ഷ്യ സംസ്കരണമേഖലയിലേക്കുളള വിദേശ നിക്ഷേപ (എഫ്‍ഡിഐ) വരവില്‍ 24 ശതമാനത്തിന്‍റെ വര്‍ദ്ധനവ്. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്കെത്തിയ വിദേശ നിക്ഷേപം 905 മില്യണ്‍ യുഎസ് ഡോളറായി.

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 727.22 മില്യണ്‍ യുഎസ് ഡോളറായിരുന്നു. നിലവില്‍ ഓട്ടോമാറ്റിക് റൂട്ട് വഴി ഭക്ഷ്യ സംസ്കരണ മേഖലയില്‍ 100 ശതമാനം എഫ്‍ഡിഐ അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയ പരിപാടിയാണ് ഈ വളര്‍ച്ചയെ സഹായിച്ച പ്രധാന കാരണങ്ങളിലൊന്ന്. 

ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പ്പന്ന റീട്ടെയ്‍ലിംഗില്‍ 500 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ യുഎസ് ഇ- കൊമേഴ്സ് ഭീമനായ ആമസോണിന് ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഭക്ഷ്യ സംസ്കരണ മേഖലയുടെ വളര്‍ച്ച രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനുപകരിക്കുമെന്നാണ് കണക്കാക്കുന്നത്.