രാജ്യത്തെ ബാങ്കിംഗ് രീതികളെ മാറ്റി മറിച്ച ധിഷണാശാലിയായിരുന്നു കെ. പി ഹോര്‍മിസ്. 1916 ഒക്ടോബറില്‍ ജനിച്ച ഹോര്‍മിസ് അഭിഭാഷനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ ബാങ്കിംഗ് രംഗത്തെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ ഹോര്‍‍മിസ് നാല്‍പതുകളില്‍ ബാങ്കിംഗ് മേഖലയിലേക്ക് ചുവട് മാറ്റി. സ്വകാര്യ വ്യക്തികളുടെയും പണമിടപാട് സംഘങ്ങളിലൂടെയും മാത്രമായിരുന്നു അന്ന് ധനസാമാഹരണം. ഇതിന് അറുതി വരുത്തി കര്‍ഷക തൊഴിലാളികളുടെ പണം സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഹോര്‍മിസ് 1944ല്‍ സ്വന്തം ബാങ്കിന് തുടക്കമിട്ടു. നിര്‍ജീവമായിരുന്ന തിരുവിതാംകൂര്‍ ഫെഡറല്‍ ബാങ്കിന്‍റെ ലൈസന്‍സ് സ്വന്തമാക്കിയായിരുന്നു ഫെഡറല്‍ ബാങ്കിന്‍റെ തുടക്കം.

60കളുടെ അവസാനത്തോടെ ചാലക്കുടി പൊതുബാങ്ക്, കൊച്ചിന്‍ യൂണിയന്‍ ബാങ്ക്, ആലപ്പുഴ ബാങ്ക് എന്നിവ കെ.പി ഹോര്‍മിസ് ഫെഡറല്‍ ബാങ്കില്‍ ലയിപ്പിച്ചു. ചെറുകിട ബാങ്കുകളെ ഏറ്റെടുക്കുന്നത് ഇന്ത്യന്‍ ബാങ്കിംഗ് രഗത്തിന് തന്നെ അന്ന് പുതുമായിയിരുന്നു. വളര്‍ച്ചയുടെ പടികള്‍ കയറുമ്പോഴും ബാങ്കിന്‍റെ ഓഹരികള്‍ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാന്‍ ഹോര്‍മിസ് ശ്രദ്ധിച്ചു. 1981ല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ഒഴിയുമ്പോഴും സ്വന്തം പേരില്‍ ഹോര്‍മിസ് ഓഹരി നിക്ഷേപം സ്വന്തമാക്കിയിരുന്നില്ല. ബാങ്ക് ജനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും വേണ്ടിയാണെന്ന സത്യം വെളിവാക്കിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ബാങ്കിംഗിന് അപ്പുറത്ത് രാഷ്‌ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഹോര്‍മിസ് 54ല്‍ തിരുവിതാകൂര്‍-കൊച്ചി നിയമസഭാംഗമായിരുന്നു

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 1988 ജനുവരി 26ന് ഹോര്‍മിസ് അന്തരിച്ചു. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് സമാനതകളിലാത്ത സംഭാവനകള്‍ നല്‍കിയ കെ.പി ഹോര്‍മിസിനെ ആദരിക്കുന്നതിനായി അദ്ദേഹത്തിന് ജന്മം നല്‍കിയ മൂക്കന്നൂര്‍ ഗ്രാമത്തെ സ്മാര്‍ട് ടൗണ്‍ഷിപ്പാക്കി മാറ്റാമൊരുങ്ങുകയാണ് ഫെഡറല്‍ ബാങ്ക്.