ന്യൂഡല്‍ഹി: ഹ്യുണ്ടായി, ഫോക്സ്‍ വാഗന്‍, ടൊയോട്ട തുടങ്ങിയവരുടെ ക്രോസ് മോഡലുകളോടു പോരാടാന്‍ ഫിയറ്റ് ക്രൈസ്‍ലര്‍ ഓട്ടോമൊബൈല്‍സ് ഇന്ത്യ പുതിയ ക്രോസ് ഓവര്‍ അര്‍ബന്‍ ക്രോസ് വിപണിയിലിറക്കി. അവെന്‍ച്ചുറയെ അടിസ്ഥാനമാക്കിയാണ് പുതിയ അര്‍ബന്‍ ക്രോസിന്‍റെ നിര്‍മ്മാണം.

അവെന്‍ച്ചുറയുടെ ഡിക്കി ഡോറില്‍ ഉറപ്പിച്ച സ്പെയര്‍ വീല്‍ മാറ്റിയാല്‍ അര്‍ബന്‍ ക്രോസ് ആയി. പുന്‍റൊയുടെ സമാനമായ രീതിയില്‍ ബൂട്ടിനുള്ളിലാണ് സ്പെയര്‍ വീല്‍ ഉറപ്പിച്ചിരിക്കുന്നത്. അവെന്‍ച്ചുറയ്ക്ക് സമാനമായി 205 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ്. എന്‍ജിനും അവെന്‍ച്ചുറയുടേതു തന്നെ. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുണ്ട്. 1.3 ലീറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിന് 92 ബിഎച്ച്പിയാണ് കരുത്ത്. ഗീയര്‍ ബോക്സ് അഞ്ച് സ്പീഡ് മാന്വല്‍ ടൈപ്പാണ്.

ഇതിന് ആക്ടിവ് , ഡൈനാമിക് എന്നീ രണ്ട് വകഭേദങ്ങളുണ്ട്. അബാര്‍ത്തിന്റെ 1.4 ലീറ്റര്‍ ടി ജെറ്റ് പെട്രോള്‍ എന്‍ജിനുള്ള മോഡലിന് കരുത്ത് 138 ബിഎച്ച്പി. ഇമോഷന്‍ വകഭേദത്തില്‍ മാത്രം ലഭ്യമായ പെട്രോള്‍ വകഭേദത്തിനും അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്സാണ്. അഞ്ചിഞ്ച് ടച്ച് സ്ക്രീന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സ്റ്റാര്‍ഡാര്‍ഡ് ഫിറ്റിങ്ങാണ്.

ഹ്യുണ്ടായി ഐ 20 ആക്ടിവ് , ഫോക്സ്‍ വാഗന്‍ ക്രോസ് പോളോ, ടൊയോട്ട എറ്റിയോസ് ക്രോസ് മോഡലുകളുമായി മത്സരിക്കാനാണ് ഫിയറ്റ് അര്‍ബന്‍ ക്രോസിനെ കളത്തിലിറക്കിയിരിക്കുന്നത്.

ഡല്‍ഹി എക്സ്‍ഷോറൂം വില : 1.3 ഡീസല്‍ ആക്ടിവ് -6.85 ലക്ഷം രൂപ, 1.3 ഡീസല്‍ ഡൈനാമിക്-7.45 ലക്ഷം രൂപ, 1.4 ലീറ്റര്‍ പെട്രോള്‍ ഇമോഷന്‍ -9.85 ലക്ഷം രൂപ.