കൊല്‍ക്കത്തയിലും കൊച്ചിയിലുമാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വീക്ഷിച്ചത്

ദില്ലി: ഫിഫ ലോകകപ്പ് സംപ്രേക്ഷണത്തിലൂടെ 250 - 270 കോടിയുടെ പരസ്യ വരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന സോണി പിക്ചേഴ്സിന് അതിനും മുകളില്‍ വരുമാനം നേടാനായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സരങ്ങളുടെ സമയത്ത് 36 പരസ്യകമ്പനികളാണ് സോണി ലൈവില്‍ പരസ്യം ചെയ്തത്. ഇന്ത്യയില്‍ ലോകകപ്പിന്‍റെ ഔദ്യോഗിക സംപ്രേക്ഷണാവകാശം ലഭിച്ചിരുന്നവരില്‍ സോണി പിക്ചേഴ്സായിരുന്നു മുന്‍നിരക്കാര്‍. 

ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളില്‍ സോണി മത്സരങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചു. രാജ്യത്തെ ഏഴ് കോടി ആളുകള്‍ സോണിയുടെ ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിലൂടെ തത്സമയം മത്സരങ്ങള്‍ വീക്ഷിച്ചതായി സോണി അറിയിച്ചു. 

ക്രിക്കറ്റിന് കൂടുതല്‍ ആരാധകരുളള ഇന്ത്യയില്‍ ഏഴ് കോടി ആള്‍ക്കാര്‍ മത്സരം തത്സമയം വീക്ഷിച്ചത് വലിയ കാര്യമാണെന്നും സോണി പിക്ചേഴ്സ് അറിയിച്ചു. കൊല്‍ക്കത്തയിലും കൊച്ചിയിലുമാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കണ്ടത്. പെയ്ഡ് സബ്സ്രൈബര്‍മാര്‍ക്ക് പരസ്യങ്ങളില്ലാതെയുളള ലൈവ് ഫീഡും അല്ലാതെയുളളവര്‍ക്ക് അഞ്ച് മിനുട്ട് വൈകി പരസ്യങ്ങളോടുകൂടിയ സംപ്രേക്ഷണവുമാണുണ്ടായത്.