തിരുവനന്തപുരം: ഇന്ധന വില തീരുവ കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വില റെക്കോഡിലെത്തിയതിന് കാരണം കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളാണ്. അടിയന്തര ഇടപെടല്‍ വേണ്ടതും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നു തന്നെയാണെന്ന് തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ച് വിലക്കുറവിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാതിരുന്നത് കേന്ദ്ര സര്‍ക്കാറാണ്. ഇപ്പോള്‍ ഈടാക്കുന്ന 21 രൂപയുടെ നികുതി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഉണ്ടായിരുന്ന 9 രൂപയിലേക്ക് കുറയ്‌ക്കുകയാണ് പ്രതിസന്ധി പരിഹയ്‌ക്കാനുള്ള ഏക മാര്‍ഗ്ഗം. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ 9 രൂപയായിരുന്ന നികുതി ഇരട്ടിയിലേറെ കൂട്ടി 21 രൂപയിലെത്തിച്ചു. 

കേന്ദ്രം എക്‌സൈസ് നികുതി ചുമത്തുന്നത് ശതമാന കണക്കിലല്ല, ലിറ്ററിന് നിശ്ചിത തുകയെന്ന കണക്കിലാണ്. കേന്ദ്രം അത് കുറയ്‌ക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ നികുതിയും താനേ കുറയും. അത് ചെയ്യാതെ ഞങ്ങള്‍ എത്ര വേണമെങ്കിലും വില കൂട്ടിക്കൊണ്ടിരിക്കും അപ്പോഴൊക്കെ ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്‌ക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തോമസ് ഐസക് പറഞ്ഞു.