ദില്ലി: അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണയും വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ചരക്കുകപ്പല്‍ നാളെ ഇന്ത്യയിലെത്തും. 20 ലക്ഷത്തോളം ബാരല്‍ ക്രൂഡ് ഓയിലാണ് കപ്പലില്‍ ഇന്ത്യയിലേക്കെത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ക്രൂഡ് ഓയില്‍ എത്തുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പ് എട്ട് കപ്പലുകള്‍ കൂടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി മാത്രമായി എത്തും.
അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ കൂടി അന്താരാഷ്ട്ര വിപണിയില്‍ എത്തുന്നതോടെ ലോകവിപണിയില്‍ എണ്ണവില കുറയുമെന്നാണ് കരുതപ്പെടുന്നത്. ഒപെക് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന എണ്ണയേക്കാള്‍ ബാരലിന് ഏകദേശം രണ്ട് ഡോളറിന്റെ വ്യത്യാസമാണ് ഇപ്പോള്‍ അമേരിക്കന്‍ ഓയിലിനുള്ളത്. നിലവില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രമാണ്. ഇന്ത്യയില്‍ നിന്നുള്ള ദൂരക്കുറവാണ് ഇതിന് പ്രധാന കാരണം. വില 60 ഡോളറിന് മുകളില്‍ നിലനില്‍ത്താനാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ തീരുമാനം.
അമേരിക്കയില്‍ എണ്ണ കയറ്റുമതി ലക്ഷ്യമിട്ട് തുറമുഖങ്ങള്‍ നവീകരിച്ചതോടെ കുറഞ്ഞ ചിലവില്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുകയാണ് അമേരിക്കന്‍ കമ്പനികളുടെ ലക്ഷ്യം.
