ദില്ലി: കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞ് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പരോക്ഷ സൂചന നല്‍കി. ഇന്ധന വിലവര്‍ദ്ധനവിനെയും അദ്ദേഹം ന്യായീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് പണം വേണം. നികുതി വരുമാനം വേണ്ടെന്ന് വയ്‌ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഭരിക്കുന്ന സംസ്ഥനങ്ങളും തയ്യാറാകുമോയെന്നാരുന്നു മന്ത്രിയുടെ മറുചോദ്യം.

കേന്ദ്രമന്ത്രിസഭ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പെട്രോള്‍ വില വര്‍ദ്ധനയെ ന്യായീകരിച്ചത്. അമേരിക്കയിലെ ചുഴലിക്കാറ്റില്‍ എണ്ണ സംസ്കരണം കുറഞ്ഞതും ഇന്ധന വില കൂടാന്‍ കാരണമായി. യു.പി.എ സര്‍ക്കാര്‍ ഭരണത്തില്‍ പത്തും പതിനൊന്നും ശതമാനമായിരുന്നു വിലക്കയറ്റം. ഇപ്പോഴത് 3.26 ശതമാനമായി. നാല് ശതമാനത്തില്‍ താഴെ വിലക്കയറ്റം പിടിച്ച് നിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ നയമെന്ന് പറഞ്ഞിട്ടായിരുന്നു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ജെയ്റ്റ്‍ലി പറയാതെ പറഞ്ഞത്. ഹൈവേ എങ്ങനെയുണ്ടാക്കുമെന്നും അടിസ്ഥാന സൗകര്യവികസനം എങ്ങനെയുണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ ചോദ്യം. കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്ന നികുതിയില്‍ 42 ശതമാനം സംസ്ഥാനത്തേക്കാണ് പോകുന്നതെന്നും ഇത് വേണ്ടെന്ന് വെയ്‌ക്കാന്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. സാമ്പത്തിക ഉത്തേജന പദ്ധതികള്‍ ചര്‍ച്ചകള്‍ക്കും പ്രധാനമന്ത്രിയുമായുള്ള ആലോചനയ്‌ക്കും ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഭാവി കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ 'ഖേലോ ഇന്ത്യ' പദ്ധതി പരിഷ്കരിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ട് വര്‍ഷത്തേക്ക് 1756 കോടി രൂപ വകയിരുത്തി. തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപ സ്കോളര്‍ഷിപ്പ് നല്‍കി എട്ട് വര്‍ഷം തുടര്‍ച്ചയായി പരിശീലനം നല്‍കും. റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസായി നല്‍കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം നല്‍കാന്‍ പോഷകാഹാരം നല്‍കാന്‍ മൂന്ന് വര്‍ഷത്തേക്ക് 12000 കോടി രൂപ അധികം വകയിരുത്തി.