കനത്ത മഴ, തിരക്കുളള സമയങ്ങള്‍, മറ്റ് പ്രതികൂല സാഹചര്യങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ ഡെലിവറി നടത്തുന്ന ജീവനക്കാര്‍ക്ക് ഇന്ന് കമ്പനികള്‍ വലിയ ആനുകൂല്യങ്ങളാണ് നല്‍കുന്നത്

ദില്ലി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയില്‍ മത്സരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ പുരോഗമിക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടക്കുന്ന ബിസിനസ്സുകളിലൊന്നും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടേതാണ്. സേവന രംഗം വിപുലീകരിക്കാനാണ് കമ്പനികള്‍ ഏറെ ചിലവിടുന്നത്.

സൊമാറ്റോ, സ്വിഗ്ഗി, യുബര്‍ ഈറ്റ്സ് പോലെയുളള ഇന്ത്യയിലെ മുന്‍ നിര കമ്പനികള്‍ സേവനരംഗം അനുദിനം വിപുലീകരിച്ച് ബിസിനസ്സ് കടുപ്പിക്കുകയാണ്. കനത്ത മഴ, തിരക്കുളള സമയങ്ങള്‍, മറ്റ് പ്രതികൂല സാഹചര്യങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ ഡെലിവറി നടത്തുന്ന ജീവനക്കാര്‍ക്ക് ഇന്ന് ഇത്തരം കമ്പനികള്‍ വലിയ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. 

സ്വഗ്ഗിയും സൊമാറ്റോയും ഈ വര്‍ഷമാദ്യം സെലിവറി സേവനത്തിന്‍റെ ശേഷി ഉയര്‍ത്തികൊണ്ട് തങ്ങളുടെ ഡെലിവറി ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. നിലവില്‍ സ്വഗ്ഗിക്ക് 55,000 ഡെലിവറി ജീവനക്കാരാണുളളത്. ജനുവരിക്ക് ശേഷം 30,000 ജീവനക്കാരെയാണ് കമ്പനി അധികമായി നിയമിച്ചത്.