പാന്‍ കാര്‍ഡിനായി ലഭിക്കുന്ന അപേക്ഷകളില്‍ അടുത്തകാലത്തുണ്ടായ വലിയ വര്‍ദ്ധനവ് കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

ദില്ലി: അഞ്ച് മിനിറ്റിനുള്ളില്‍ പാന്‍ കാര്‍ഡ് അനുവദിക്കുന്ന "ഇന്‍സ്റ്റന്റ്' സേവനവുമായി ആദായ നികുതി വകുപ്പ്. സാധാരണ പാന്‍ കാര്‍ഡിന് നിശ്ചിത തുക ഫീസ് ഈടാക്കുമെങ്കില്‍ ഇന്‍സ്റ്റന്റ് സേവനം തികച്ചും സൗജന്യവുമാണ്. പരിമിതകാലത്തേക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമാവുകയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

ആധാര്‍ അടിസ്ഥാനപ്പെടുത്തിയാണ് ഉടനടി പാന്‍ കാര്‍ഡ് ലഭ്യമാവുന്ന സംവിധാനം പ്രവര്‍ത്തിക്കുന്നത്. പാന്‍ കാര്‍ഡിനായി ലഭിക്കുന്ന അപേക്ഷകളില്‍ അടുത്തകാലത്തുണ്ടായ വലിയ വര്‍ദ്ധനവ് കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ആധാര്‍ എടുക്കുന്ന സമയത്ത് മറ്റ് വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പറും നല്‍കിയിട്ടുള്ളവര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുക. മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‍വേഡ് ഉപയോഗിച്ചാണ് ആധാര്‍ വിവരങ്ങള്‍ പാന്‍ കാര്‍ഡിനായി ഉപയോഗപ്പെടുത്തുന്നത്. 

എങ്ങനെ അപേക്ഷ നല്‍കാം
താഴെ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം നിര്‍ദ്ദേശങ്ങള്‍ വായിച്ച് മനസിലാക്കണം. അടുത്ത വിന്‍ഡോയില്‍ പേരും ജനന തീയ്യതിയും ആധാര്‍ നമ്പറും വെബ്സൈറ്റില്‍ നല്‍കണം. ശേഷം മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന വണ്‍ പാസ്‍വേഡ് നല്‍കുന്നതോടെ ആധാര്‍ കാര്‍ഡിനായി നല്‍കിയ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്ക്രീനില്‍ ദൃശ്യമാകും. ചില എന്‍ട്രികളില്‍ ആവശ്യമായ മാറ്റങ്ങള്‍ ഇതില്‍ വരുത്താനും കഴിയും. ഒപ്പ് സ്കാന്‍ ചെയ്ത് നല്‍കണം. മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും നല്‍കുകയും അതിലേക്ക് ലഭിക്കുന്ന വണ്‍ ടൈം പാസ്‍വേഡുകള്‍ സൈറ്റില്‍ നല്‍കുകയും വേണം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം
വ്യക്തികള്‍ക്ക് മാത്രമാണ് ഇങ്ങനെ പാന്‍ കാര്‍ഡ് സ്വന്തമാക്കാനാവുന്നത്. അവിഭക്ത ഹിന്ദു കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ തുടങ്ങിയവയ്ക്ക് ഇങ്ങനെ പാന്‍ കാര്‍ഡ് ലഭിക്കില്ല.

എത്ര ദിവസം കൊണ്ട് കാര്‍ഡ് കൈയ്യില്‍ കിട്ടും
ആധാര്‍ അധിഷ്ഠിത ഇലക്ട്രോണിക് സംവിധാനത്തിലൂടെ പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉടന്‍ തന്നെ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാര്‍ഡ് തപാലില്‍ ലഭിക്കുന്നതിനുള്ള കാലതാമസം മാത്രമേ പിന്നെ ഉണ്ടാവുകയുള്ളൂ.

അപേക്ഷ സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക