തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കുതിയ്ക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഒന്നര രൂപയിലേറെ വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 73.52 രൂപയും ഡീസലിന് 62.76 രൂപയുമാണ് വില.

ഒക്ടോബര്‍ നാലിനാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചത്. ഇത് കാരണം കേരളത്തില്‍ രണ്ട് രൂപയിലധികം ഇന്ധനവില കുറഞ്ഞിരുന്നു. ഇതിന് ശേഷം അഞ്ച് ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് പതിവ് പോലെ അഞ്ചും പത്തും പൈസ വെച്ച് ദിവസവും കൂട്ടി ഇന്ധന വില നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ഉയരത്തിലെത്തിച്ചു. എക്സൈസ് തീരുവ എടുത്ത് കള‍ഞ്ഞതിന്റെ തൊട്ടടുത്ത ദിവസമായ ഒക്ടോബര്‍ അഞ്ചിന് തിരുവനന്തപുരത്ത് പെട്രോളിന് 72.15 രൂപയും ഡീസലിന് 61.09 രൂപയുമായിരുന്നു. ഒരു മാസത്തിനിപ്പുറം വില പെട്രോളിന് 73.52 രൂപയും ഡീസലിന് 62.76 രൂപയുമായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വില ഇനിയും വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാറിന്റെ തീരുവയിളവ് വെള്ളത്തില്‍ വരച്ച വര പോലെയായി. നേരത്തെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നത് താല്‍ക്കാലികമായി തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞിരുന്നു.