പാന്‍കാര്‍ഡ് ആണ്‍, പെണ്‍ എന്നിവയോടൊപ്പം ഇനിമുതല്‍ ട്രാന്‍സ്‍ജെന്‍ഡര്‍ എന്ന കോളവും അപേക്ഷയിലുണ്ടാവും

ദില്ലി: പാന്‍കാര്‍ഡുകളുടെ നിയന്ത്രണ ഏജന്‍സിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സി.ബി.ഡി.റ്റി.) പാന്‍ കാര്‍ഡുകള്‍ക്കായുളള അപേക്ഷയില്‍ ഭിന്നലിംഗക്കാര്‍ക്ക് ഇടം നല്‍കി. ആണ്‍, പെണ്‍ എന്നീ കോളങ്ങളോടൊപ്പം ഇനിമുതല്‍ ട്രാന്‍സ്‍ജെന്‍ഡര്‍ എന്ന കോളവും അപേക്ഷയിലുണ്ടാവും. 

ഇന്‍കം ടാക്സ് ആക്റ്റിലെ 139 എ, 295 എന്നീ വകുപ്പുകളില്‍ പെടുത്തിയാണ് പുതിയ അപേക്ഷ പുറത്തിറക്കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന കോളം നേരത്തെ ലഭ്യമാക്കിയിരുന്നെങ്കിലും പാന്‍ കാര്‍ഡില്‍ ഇത്രയും കാലമായി അത് ഉണ്ടായിരുന്നില്ല. ഈ അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. ഇതോടെ ഭിന്നലിംഗക്കാര്‍ക്ക് പാന്‍കാര്‍ഡ് അപേക്ഷ സുഗമമായി. 

സി.ബി.ഡി.റ്റിയുടെ ഈ ഭേദഗതി പാന്‍ അപേക്ഷ ഫോമുകളായ 49എ, 49എഎ എന്നിവയില്‍ പ്രതിഫലിക്കും. പാന്‍കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ മുന്‍പ് ഉത്തരവിറക്കിയിരുന്നു. ഇതോടെ ആധാര്‍ അപേക്ഷയ്ക്ക് സമാനമായി പാന്‍ അപേക്ഷയിലും ഭിന്നലിംഗക്കാര്‍ക്ക് ഇടം നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.