വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത മുന്നേറ്റത്തെത്തുടര്‍ന്ന് ആഗോള ഓഹരി വിപണികള്‍ നിലം പൊത്തി. അമേരിക്കന്‍ സാമ്പത്തിക നയങ്ങളില്‍ ട്രംപ് മാറ്റം വരുത്തിയേക്കുമെന്ന വിലയിരുത്തലുകള്‍ മൂലം ഹില്ലരി ക്ലിന്‍ണ്‍ പ്രസിഡന്റാകുന്നതായിരുന്നു ആഗോള വിപണിക്ക് താത്പര്യം.

അമേരിക്കന്‍ ഓഹരി വിപണിയിലെ വ്യാപാരം അവസാനിച്ച ശേഷമാണ് വോട്ടെണ്ണല്‍ തുടങ്ങിയതെങ്കിലും ഡൗജോണ്‍സ് ഫ്യൂച്ചേഴ്സ് 700 പോയിന്റോളം താഴ്ന്നാണ് വ്യാപാരം നടത്തുന്നത്. അതായത് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ അല്‍ക്വയ്ദ ആക്രമിച്ചപ്പേള്‍ അമേരിക്കന്‍ ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചക്ക് സമാനമായ ഇടിവ്. ബ്രിട്ടണ്‍ യൂറോ സോണില്‍ നിന്ന് പുറത്തു പോകാന്‍ തീരുമാനിച്ചപ്പോള്‍ വിപണിക്ക് ഉണ്ടായ ആഘാതത്തേക്കാള്‍ വലുതാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

സാമ്പത്തിക വാണിജ്യ നയങ്ങളില്‍‍ വലിയ പൊളിച്ചെഴുത്ത് ട്രംപ് നടത്തുമെന്ന വലിയിരുത്തലാണ് ഇതിന്റെ കാരണം. ഡിംസബറില്‍ പലിശ നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പിന്നോട്ടുപോകുമെന്നും വിലയിരുത്തുന്നു. അതിനാല്‍ തന്നെ വാള്‍ സ്ട്രീറ്റിന്റെ പിന്തുണ ഹില്ലരി ക്ലിന്‍റണായിരുന്നു.

ട്രംപിനെ ഭയന്ന് മെക്സിക്കന്‍ കറന്‍സിയായ പെസോ കൂപ്പുകുത്തി. 10 ശതമാനത്തോളം ഇടിവാണ് പെസോയില്‍ ഉണ്ടായത്. ഡോളറിന്റെ മൂല്യവും കുറഞ്ഞു. എന്നാല്‍ സാമ്പത്തിക രംഗത്തെ ആശങ്കകള്‍ സ്വര്‍ണ്ണവില കൂട്ടി. ഔണ്‍സിന് 50 ഡോളറാണ് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നത്. എന്നാല്‍ ക്രൂഡ് ഓയില്‍ വില 3 ശതമാനത്തോളം താഴ്ന്നു.

ട്രംപിന്റെ മുന്നേറ്റം ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രതിഫലിച്ചു. വ്യാപാരം തുടങ്ങി ആദ്യ 10 മിനിട്ടിനകം സെന്‍സെക്സ് 1100 പോയിന്റോളമാണ് ഇടിഞ്ഞത്. ആദ്യ 15 മിനിട്ടിനുള്ളില്‍ ഇന്ത്യയിലെ ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം കോടി രൂപയാണ്. തുടര്‍ന്ന് ഇന്ത്യന്‍ വിപണി ചെറിയ തോതില്‍ തിരിച്ചുകയറിയെങ്കിലും വലിയ നഷ്ടം അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം വിപണിയില്‍ നഷ്ടമുണ്ടാക്കുമെന്നാണ് സൂചന.