ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ സ്വര്‍ണത്തിന്റെ നികുതി മൂന്ന് ശതമാനമായി. ജി.എസ്.ടിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയുടെ അഞ്ച് ശതമാനം കൂടി നികുതി നല്‍കണം. എന്നാല്‍ മറ്റ് വിവിധ നികുതി നിരക്കുകള്‍ ക്രോഡീകരിച്ചതിനാല്‍ സ്വര്‍‍ണ വിലയില്‍ കാര്യമായ ചലനമുണ്ടാക്കില്ല.

Add Asianetnews as a Preferred SourcegooglePreferred

ചരക്ക് സേവന നികുതി സ്വര്‍ണ വിലയില്‍ കാര്യമായ ചലനമുണ്ടാക്കുമോ എന്ന ആശങ്കയില്‍ സ്വര്‍ണക്കടകളില്‍ ഇന്ന് കാര്യമായ തിരക്കുണ്ടായിരുന്നില്ല. ജി.എസ്.ടിയില്‍ നികുതി കൂടുന്നതിന് മുമ്പ് സ്വര്‍ണം വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം വരെ കടകളില്‍ ഉപഭോക്താക്കളുടെ നീണ്ട നിര കാണാമായിരുന്നു. എന്നാല്‍ ജി.എസ്.ടി പ്രാബല്യത്തിലായിട്ടും നികുതി നിരക്കുകളില്‍ വര്‍ദ്ധനവുണ്ടായില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. ഇതിന്റെ ചുവടുപിടിച്ച് സ്വര്‍ണ വിലയിലും മാറ്റമുണ്ടായില്ല. പവന് 21,880 രൂപയും ഗ്രാമിന് 2,735 രൂപയുമായിരുന്നു ഇന്നത്തെ വില.

ജി.എസ്.ടി വന്നതോടെ പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ നികുതി നല്‍കേണ്ടി വരുമോ എന്ന് ആശങ്ക ഉപഭോക്താക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. ടാക്‌സ് റിട്ടേണിലൂടെ വ്യാപാരികള്‍ക്ക് നികുതി തിരിച്ച് കിട്ടുമെന്നതിനാല്‍ പഴയ സ്വര്‍ണത്തിന് ഉപഭോക്താക്കളില്‍ നിന്ന് നികുതി ഈടാക്കില്ല. പക്ഷേ ജി.എസ്.ടിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് അഞ്ച് ശതമാനം പണിക്കൂലി നല്‍കണം. എങ്കിലും നിലവിലെ നികുതികളെല്ലാം ക്രോഡീകരിച്ചതിനാല്‍ ഭാവിയില്‍ 0.15 ശതമാനം സ്വര്‍ണ വില കുറയാനുള്ള സാധ്യതയും വ്യാപാരികള്‍ പങ്കുവച്ചു.