കൊച്ചി: കേരളത്തില്‍ ഇന്നത്തെ (സെപ്‌റ്റംബര്‍ അഞ്ച്) സ്വര്‍ണവിലയില്‍ നേരിയ കുറവ്. സ്വര്‍ണവില പവന് കഴിഞ്ഞ ദിവസത്തെ വിലയില്‍നിന്ന് 80 രൂപ കുറഞ്ഞ് 23,240 രൂപയില്‍ എത്തി. 2,905 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് മാസം അവസാനിക്കുമ്പോള്‍ 23,280 രൂപയായിരുന്നു പവന്റെ വില. സെപ്റ്റംബര്‍ ഒന്നിന് പവന് 80 രൂപ കുറഞ്ഞാണ് 23,200 രൂപയായത്. രണ്ടാം തീയതിയും ആ നില തുടര്‍ന്ന ശേഷം മൂന്നാം തീയതി 120 രൂപ കൂടി 23,320 രൂപയില്‍ എത്തിയിരുന്നു. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

ചിങ്ങ മാസം എത്തിയതോടെ കേരളത്തില്‍ വിവാഹ സീസണാണ്. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരുമെന്നാണ് വിപണിയിലെ വിദഗ്ദ്ധര്‍ പറയുന്നത്. വരുംദിവസങ്ങളില്‍ സ്വര്‍ണവില കൂടിയേക്കും. ഓണക്കാലം കൂടിയായതോടെ കേരളത്തിലെ സ്വര്‍ണ വിപണിയില്‍ നല്ല കച്ചവടമാണ് നടക്കുന്നത്.

ഓഗസ്റ്റ് ആദ്യവാരം 22,960 രൂപയായിരുന്നു പവനു വില. ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഓഗസ്റ്റ് 24ന് 23,480 രൂപയായി ഉയര്‍ന്നിരുന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിരക്കായിരുന്നു ഇത്.