ജിഎസ്ടിക്കു ശേഷം കേരളത്തില്‍ സ്വര്‍ണ്ണ വില്‍പ്പന കുത്തനെ കുറയുന്നു. ജിഎസ്ടിയുടെ മറപിടിച്ച് അനധികൃത വില്‍പ്പന വ്യാപകമായതും മണി ലോണ്‍ഡറിംഗ് ആക്ട് സംബന്ധിച്ച ആശയക്കുഴപ്പങ്ങളും കച്ചവടം കുറയാന്‍ കാരണമായെന്ന് വ്യപാരികള്‍ പറയുന്നു.

സ്വര്‍ണ്ണത്തിന്‍റെ ജിഎസ്ടി മൂന്നു ശതമാനമായി നിശ്ചയിച്ചപ്പോള്‍ ആശ്വസിച്ചവരാണ് കേരളത്തിലെ സ്വര്‍ണ്ണവ്യപാരികള്‍. അനധികൃത വില്‍പ്പന ഇല്ലാതാകുമെന്നും വ്യപാരം സുഗമമാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ജൂലൈ രണ്ടാം വാരം മുതല്‍ വില്‍പനയില്‍ ഇടിവ് തുടങ്ങി. ഓണം കഴിഞ്ഞതോടെ ബഹുഭൂരിഭാഗം ജ്വല്ലറികളിലും വില്‍പന നേര്‍പകുതിയായി. ഇപ്പോള്‍ അത്യാവശക്കാര്‍ മാത്രമാണ് ജ്വല്ലറികളിലെത്തുന്നത്.

50,000 രൂപയ്ക്കു മുകളില്‍ സ്വര്‍ണ്ണം വാങ്ങുന്ന്നതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. പാന്‍കാര്‍ഡ് പരിധി രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയെന്ന പ്രഖ്യാപനം വന്നെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. പാന്‍കാര്‍ഡ് വഴി വരുമാനസ്രോതസ് നല്‍കേണ്ടി വരുമെന്നും ഇത് നികുതി ബാധ്യത വര്‍ദ്ധിപ്പിക്കുമെന്നുമാണ് ഉപഭോക്താക്കളുടെ ആശങ്ക. അതേസമയം ഈ പ്രതിസന്ധി മുതലെടുത്ത് സ്വര്‍ണ്ണത്തിന്‍റെ അനധികൃത വില്‍പ്പന വ്യാപകമാകുന്നതായും വ്യപാരികള്‍ പറയുന്നു.