2016 അവസാനം വലിയ തോതിലാണ് വിപണിയില്‍ സ്വര്‍ണ്ണ വില്‍പ്പന നടന്നത്. ഈ നില ഇപ്പോഴും തുടരുന്നു. 10 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഡിസംബര്‍ പകുതിയോടെ സ്വര്‍ണ്ണത്തിനുണ്ടായിരുന്നത്. അതിനാല്‍, വന്‍ വര്‍ദ്ധനവാണ് വ്യാപാരത്തിലുണ്ടായിരുന്നത്. സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കള്‍ വന്‍ തോതിലാണ് സ്വര്‍ണ്ണം വാങ്ങിച്ചു കൂട്ടിയതെന്ന് സ്വര്‍ണ്ണ മേഖലയിലെ വ്യാപാരികള്‍ പറയുന്നു. 

ഒരു ഗ്രാമിന് 15 റിയാല്‍ 200 ബൈസയാണ് 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഇപ്പോഴത്തെ നിരക്ക്. 22 കാരറ്റ് സ്വര്‍ണ്ണത്തിന് 14 റിയാല്‍ 200 ബൈസയും ഈടാക്കുന്നു. എന്നാല്‍, ഒരു ഗ്രാമിനു മുകളില്‍ 500 ബൈസ വില ഉയര്‍ന്നിട്ടും ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല. 

ക്രൂഡോയില്‍ വിലയിലെ നേരിയ വര്‍ദ്ധന വിപണിയില്‍ വില്‍പ്പന കൂട്ടിയിട്ടുണ്ട്. ഇതുപോലെ വിപണി ശക്തമാവുന്നതോടെ ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യക്കാര്‍ വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.