മുംബൈ: അടുത്ത വര്‍ഷം രാജ്യം 8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് അമേരിക്കന്‍ ഏജന്‍സിയായി ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ഏല്‍പ്പിച്ച ആഘാതം കാരണം ഇത്തവണ 6.4 ശതമാനം വളര്‍ച്ച മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ട് പറയുന്നു

പൊതുമേഖലാ ബാങ്കുകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ്, വായ്പാ വിതരണവും സ്വകാര്യ നിക്ഷേപവും ഉത്തേജിപ്പിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രതീക്ഷിക്കുന്നത്. നോട്ട് നിരോധനത്തിന്റെയും ചരക്ക് സേവന നികുതിയുടെയും ആഘാതം അടുത്ത സാമ്പത്തിക വര്‍ഷമാവുമ്പോഴേക്കും രാജ്യത്തിന് മറികടക്കാന്‍ കഴിയും. അതോടെ ജി.ഡി.പി വളര്‍ച്ച കാര്യക്ഷമമാവും. എന്നാല്‍ വിലക്കയറ്റത്തിന്റെ തോത് അടുത്ത വര്‍ഷം 5.3 ശതമാനമായി ഉയരും. ജി.എസ്.ടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഗുണം ചെയ്യുമെന്നും ഓഹരി വിപണി 2018 ല്‍ 18% ആദായം നല്‍കുമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നു.