സേവനം നടപ്പാക്കുന്നതോടെ ആപ്പിനെ ഗൂഗിള്‍ പേ എന്ന പേരില്‍ ഗൂഗിള്‍ റീ ബ്രാന്‍‍ഡ് ചെയ്യും

തിരുവനന്തപുരം: ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് ഗൂഗിളില്‍ നിന്ന് വായ്പയും ലഭിക്കാന്‍ പോകുന്നു. ഗൂഗിളിന്‍റെ ഓണ്‍ലൈന്‍ പെയ്മെന്‍റ്സ് സംവിധാനത്തിലൂടെയാവും വായ്പകള്‍ ലഭ്യമാക്കുക. ഗൂഗിള്‍ തേസ് എന്ന പേരില്‍ അറിയപ്പെടുന്ന ആപ്പിലൂടെയാവും സേവനം ഗൂഗിള്‍ നടപ്പാക്കുക. സേവനം നടപ്പാക്കുന്നതോടെ ആപ്പിനെ ഗൂഗിള്‍ പേ എന്ന പേരില്‍ ഗൂഗിള്‍ റീ ബ്രാന്‍‍ഡ് ചെയ്യും. 

കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്ക്, ഐസിഐസിഎ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ നാല് ബാങ്കുകളാവും ഗൂഗിള്‍ പെയ്മെന്‍റ്സ് ആപ്പായ ഗൂഗിള്‍ പേയിലൂടെ സാന്പത്തിക സേവനങ്ങള്‍ നല്‍കുക. ഇടപാടുകാരുടെ തിരിച്ചടവ് ശേഷി, അര്‍ഹത എന്നിവയെ അടിസ്ഥാനപ്പെടുത്തി പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഗൂഗിള്‍ പേയിലൂടെ വായ്പ നല്‍കും. 

വായ്പയ്ക്ക് ഇടാക്കുന്ന പലിശാ നിരക്കുകള്‍ വ്യക്തിഗത വായ്പയുടേതിന് സമാനമായിരിക്കും. 48 മാസമായിരിക്കും പരമാവധി തിരിച്ചടവ് കാലയിളവ്. ഗൂഗിള്‍ പേയിലൂടെ ഫെഡറല്‍ ബാങ്കിന്‍റെ ഇടപാടുകാര്‍ക്ക് മാത്രമേ വായ്പയ്ക്ക് അര്‍ഹതയുണ്ടാവുകയുള്ളൂ. 

ഇന്ത്യയുടെ ഇപ്പോഴത്തെ ഡിജിറ്റല്‍ പെയ്മെന്‍റ്സ് വിപണി 20,000 കോടി ഡോളറിന്‍റേതാണ്. ഇത് 2023 ഓടെ ഒരു ലക്ഷം കോടി ഡോളറിന്‍റേതാവുമെന്നാണ് "ക്രെഡിറ്റ് സൂയസ് ഗ്രൂപ്പ്" കണക്കാക്കുന്നത്. ഈ ബൃഹത്ത് വിപണി കൈയടക്കുകയാണ് ഗൂഗിളിന്‍റെ ലക്ഷ്യം.