ദില്ലി: ജില്ലാ സഹകരണ ബാങ്കുകളുടെ പക്കലുള്ള പഴയ 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാന്‍ ഒടുവില്‍ റിസര്‍വ് ബാങ്ക് തയ്യാറായി. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയുടെ പക്കലുള്ള പഴയ നോട്ടുകള്‍ 30 ദിവസത്തിനകം മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാമെന്ന് കാണിച്ച് ഇന്നലെ റിസര്‍വ് ബാങ്ക് ഉത്തരവ് പുറത്തിറക്കി.

പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകാത്തതിനാല്‍ പല സഹകരണ ബാങ്കുകളിലും ഇടപാടുകാര്‍ക്ക് നല്‍കാന്‍ പണമില്ലാതെ വന്നതോടെയാണ് റിസര്‍വ് ബാങ്ക് ഇവ മാറ്റി നല്‍കാന്‍ തയ്യാറായത്. ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ അടക്കമുള്ളവര്‍ ആശ്രയിക്കുന്ന ഇത്തരം ബാങ്കുകളില്‍ കടുത്ത നോട്ട് ക്ഷാമം നേരിടുന്നത് ഗ്രാമീണ മേഖലകളിലെ വലിയൊരു ശതമാനം ഉപഭോക്താക്കളെയും ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് തിരിച്ചറിഞ്ഞു. 30 ദിവസത്തിനകം സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ ഏതെങ്കിലും ഓഫീസുകള്‍ വഴി പഴയ നോട്ടുകള്‍ കൈമാറാനാവും. നിലവില്‍ പല സംസ്ഥാനങ്ങളിലെയും ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ പഴയ കറന്‍സി കെട്ടിക്കിടപ്പുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് അപ്രതീക്ഷിത പ്രഖ്യാപനം വഴി രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 15 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അന്ന് അസാധുവാക്കപ്പെട്ടത്.