ദില്ലി: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. എയർ ഇന്ത്യയുടെ ഓഹരികൾ സ്വാകര്യ മേഖലയ്ക്കു വിറ്റഴിക്കുന്നതിന് തത്വത്തിൽ കാബിനറ്റ് അംഗീകാരം നൽകിയതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കമ്പനി നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ, എത്ര ശതമാനം ഓഹരികൾ വിൽക്കുമെന്നു വ്യക്തതയായിട്ടില്ല.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശിപാർശയിലാണു കാബിനറ്റ് തീരുമാനം. ഇതനുസരിച്ച് ധനമന്ത്രി ചെയർമാനായ സമിതി ഓഹരി വിറ്റഴിക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കും. ഈ നടപടിക്കാണ് കേന്ദ്ര മന്ത്രിസഭ യോഗം അനുമതി നൽകിയതെന്ന് ജയ്റ്റ്ലി വ്യക്തമാക്കി. എത്ര ശതമാനം ഓഹരികൾ വിറ്റഴിക്കണമെന്നു സംബന്ധിച്ചു ഈ സമിതിയാണു തീരുമാനമെടുക്കേണ്ടത്. സമിതി അംഗങ്ങൾ ആരൊക്കെയാണെന്നു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു.
ടാറ്റ ഗ്രൂപ്പ് സിംഗപ്പൂർ എയർലൈൻസുമായി ചേർന്ന് എയർഇന്ത്യയുടെ ഓഹരി വാങ്ങാൻ പദ്ധതിയിടുന്നതായി കഴിഞ്ഞാഴ്ച റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ തീരുമാനം വന്നത്. 52000 കോടി രൂപയുടെ കടബാദ്ധ്യതയുള്ള എയർ ഇന്ത്യയിൽ 100ശതമാനം സ്വകാര്യവത്ക്കരണം നടപ്പാക്കണമെന്നാണ് നീതി ആയോഗ് ശുപാർശ ചെയ്തത്.
