നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് ചെക്ക് ഇടപാടുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇത്തരത്തിലുള്ള യാതൊരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ട്വിറ്ററിലൂടെ മന്ത്രാലയം അറിയിച്ചു.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രേത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഇക്കാര്യം സര്‍ക്കാര്‍ നിഷേധിക്കുകയും ഇത്തരത്തിലൊരു തീരുമാനം ഇല്ലെന്ന് അറിയിക്കുകയും ചെയ്യുന്നു-ധനകാര്യമന്ത്രാലയം ട്വിറ്റ് ചെയ്യുന്നു. രാജ്യത്ത് ചെക്ക് വഴിയുള്ള ഇടപാടുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ തടയാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറിയും ജി.എസ്.ടി കൗണ്‍സില്‍ അംഗവുമായ പ്രവീണ്‍ ഖന്ദന്‍വാളാണ് അറിയിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും മാസ്റ്റര്‍ കാര്‍ഡും സംയുക്തമായി സംഘടിപ്പിച്ച 'ഡിജിറ്റല്‍ രാത്' പരിപാടിക്കിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.