തിരുവനന്തപുരം: അടിക്കടിയുള്ള പെട്രോള്‍, ഡിസല്‍ വിലയില്‍ വര്‍ദ്ധിക്കുന്നത് നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാറിന് വന്‍ നേട്ടമാണ് നേടിക്കൊടുത്തത്. ദിവസവും വില വര്‍ദ്ധിക്കുന്ന സമയത്ത് വന്‍ വരുമാന വര്‍ദ്ധനവ് സര‍ക്കാറിനുണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം ഇന്ധന നികുതി ഇനത്തില്‍ കിട്ടിയത് 525 കോടി രൂപയാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഇത് കാര്യമായ വര്‍ധനയാണെന്നു അധികൃതര്‍ സമ്മതിക്കുന്നു

ഡീസലിന് 24.5 ശതമാനവും പെട്രോളിന് 31.8 ശതമാനവുമാണ് സംസ്ഥാനം നികുതി ഈടാക്കുന്നത്. ഇതിനു പുറമെ കേന്ദ്ര നികുതിയുടെ ഒരു ശതമാനം സെസും സംസ്ഥാനത്തിന് ലഭിക്കും. വിവിധ പരോക്ഷ നികുതികള്‍ക്ക് പകരം വന്ന ജി.എസ്.ടിയും മദ്യത്തില്‍ നിന്നുള്ള നികുതിയും കഴിഞ്ഞാല്‍ സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടതല്‍ പണമെത്തുന്നത് പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ നിന്നുള്ള നികുതിയായാണ്. ഇന്ധനത്തിന് ജി.എസ്.ടി ഇതുവരെ നടപ്പാക്കിയിട്ടുമില്ല. നേരത്തെ ഇന്ധനവില വര്‍ദ്ധിക്കുന്ന സമയത്ത് സര്‍ക്കാര്‍ അധിക വരുമാനം വേണ്ടെന്ന് വെച്ചിരുന്നു. ചെറിയ വിലക്കുറവിന് ഇത് കാരണമാവുകയും ചെയ്യും.