ദില്ലി: പണമിടപാടുകള്‍ക്ക് നിയന്ത്രണവും സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കുന്നതില്‍ നിന്ന് ബാങ്കുകള്‍ പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് പിഴയാടാക്കനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എസ്ബിഐയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ മൂന്ന് മാസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
മറ്റു ബാങ്കുകളില്‍ നിന്നുള്ള എടിഎം ഇടപാട് മാസത്തില്‍ മൂന്നുതവണയില്‍ കൂടുതലായാല്‍ കൂടുതല്‍ ചെയ്യുന്ന ഓരോ ഇടപാടിനും 20 രൂപ ഈടാക്കും. എസ്ബിഐ, എസ്ബിടി എടിഎമ്മുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ചുതവണയില്‍ കൂടുതലായാല്‍ 10 രൂപ ഈടാക്കും. എന്നാല്‍ മൂന്നുമാസം 25000 രൂപയില്‍ കൂടുതല്‍ തുക അക്കൗണ്ടിലുള്ളവരാണ് സ്വന്തം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. അതുപോലെ ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക അക്കൗണ്ടിലുള്ളവര്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഇല്ലാതെ എത്രതവണ വേണമെങ്കിലും പണം പിന്‍വലിക്കാം. എസ്ബിഐ തീരുമാനം പിന്തുടരുകയാണ് സാധാരണയായി മറ്റു ബാങ്കുകളും ചെയ്യുന്നത്. അതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതിനിടെ, അസാധുനോട്ടുകള്‍ മാര്‍ച്ച് 31 വരെ നിക്ഷേപിക്കാമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സര്‍ക്കാരിനോട് പ്രതികരണമാരാഞ്ഞു.വെള്ളിയാഴ്ച്ചകകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിലപാട്.
