ജിഎസ്ടി വെബ്സൈറ്റ് പണി മുടക്കുന്നത് മൂലം പിഴ ഒടുക്കേണ്ടി വരുന്നത് വ്യാപാരികള്‍. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനാകാതെ വരുന്നതിലൂടെ പ്രതിദിനം ഇരുന്നൂറു രൂപ വീതമാണ് പിഴ നല്‍കേണ്ടി വരുന്നത്. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നത് വരെ, പിഴ ഒഴിവാക്കി നല്‍കണം എന്നാണ് വ്യാപാരികളുടേയും ടാക്സ് കണ്‍സല്‍ട്ടന്‍റുമാരുടേയും ആവശ്യം.

ചരക്കു സേവന നികുതി ഫയലിങിനുള്ള അവസാന തീയതി ഇരുപത് ആയിരുന്നു. 15ആം തീയതി മുതല്‍ ശ്രമം തുടങ്ങിയിട്ടും ദിവസം പരമാവധി മൂന്നെണ്ണം മാത്രമാണ് ഫയല്‍ ചെയ്യാനായിട്ടുള്ളതെന്ന് പറയുന്നു ടാക്സ് കണ്‍സള്‍ട്ടന്‍റ്മാര്‍. വ്യാപാരികള്‍ കൃത്യസമയത്ത് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനായി ഏല്‍പ്പിച്ചാലും, വെബ്സൈറ്റ് തകരാര്‍ ആവുന്നതിലൂടെ ഇത് കൃത്യമായി അടക്കാന്‍ കണ്‍സള്‍ട്ടന്‍റുമാര്‍ക്ക് സാധിക്കുന്നില്ല. ഫലമോ, പ്രതിദിനം ഇരുന്നൂറു രൂപ പിഴയായി നല്‍കണം.

ജിഎസ് ടി പോര്‍ട്ടലിന്‍റെ സഹായ നമ്പരില്‍ വിളിച്ചാല്‍, നിരവധിപ്പേര്‍ ശ്രമിക്കുന്നതിനാല്‍ ഹാങ് ആകുന്ന‍താണെന്നും ഇത് താനെ ശരിയാകും എന്ന മറുപടിയാണ് ലഭിക്കുന്നത്. ജി എസ് ടി ആര്‍ 1, 2 , 3. എന്നിങ്ങനെ പല ഘട്ടങ്ങള്‍ കടക്കണം നികുതി ഫയലിങ് പൂര്‍ത്തിയാക്കാന്‍. വില്‍പ്പന നടത്തിയതിന്‍റെയും വാങ്ങിയതിന്‍റെയും വിവരങ്ങള്‍ നല്‍കി കഴിയുമ്പോഴേക്കും സൈറ്റ് തകരാര്‍ കാണിക്കും. വെബ്സൈറ്റ് പണിമുടക്കുന്നത് കേന്ദ്ര ജി എസ് ടി സെല്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പിഴ ഒഴുവാക്കി കൊടുക്കാത്തത് ചെറുകിട വ്യാപാരികളെയാണ് ഏറ്റവും ബാധിക്കുന്നത്. സംസ്ഥാനത്തെ 60 ശതമാനത്തോളം വ്യാപാരികള്‍ക്കും ഓഗസ്റ്റിലെ ഫയല്‍ റിട്ടേണ്‍ ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല.