തിരുവനന്തപുരം: ചരക്ക് സേവന നികുതി സംബന്ധിച്ച ക്രമക്കേടുകളെക്കുറിച്ച് പരാതിപ്പെടാന്‍ സംസ്താനത്ത് സമിതി രൂപീകരിച്ചു. ജി.എസ്.ടിയുടെ പേരില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അമിതവില ഈടാക്കുന്നതിനും പലതരത്തിലുള്ള തട്ടിപ്പുകളുടെ തടയാനാണ് സംസ്ഥാന സര്‍ക്കാറിന് കീഴിലെ സമിതി പ്രവര്‍ത്തിക്കുക. ജി.എസ്.ടി സംബന്ധിച്ച് എവിടെ പരാതിപ്പെടണം എന്നറിയാതെ നട്ടം തിരിഞ്ഞവര്‍ക്ക് ഇനി പരാതിപ്പെടാന്‍ ഇടവുമായി.

ലഭിക്കുന്ന പരാതികള്‍ അന്വേഷിക്കും. വസ്തുതയാണെന്നു ബോധ്യപ്പെട്ടാല്‍ വ്യാപാരിയുടെ ജി.എസ്.ടി രജിസ്‍ട്രേഷന്‍ റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. സംസ്ഥാന ജി.എസ്.ടി ജോയിന്റ് കമ്മിഷണര്‍ ഡി.ബാലമുരളി, സെന്‍ട്രല്‍ ജി.എസ്.ടി കമ്മിഷണര്‍ ഡോ. വി. സന്തോഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്നതാണു സമിതി. കേരളത്തില്‍ ജി.എസ്.ടി സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാനും നടപടികള്‍ കൈക്കൊള്ളാനും പ്രത്യേക സമിതിയില്ലായിരുന്നു. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാറിന് ലഭിച്ച പരാതികള്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറുകയായിരുന്നു ഇതുവരെ ചെയ്തത്. ഇങ്ങനെ കിട്ടുന്ന പരാതികളില്‍ ഇതുവരെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടുമില്ല.

സംസ്ഥാന തലത്തില്‍ പരാതി പരിശോധിക്കാന്‍ പ്രത്യേകം സമിതി വേണമെന്നുമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു സംസ്ഥാന സമിതി കണ്ടെത്തിയാല്‍ കേന്ദ്ര സമിതിക്കു കൈമാറും. അവരാണു നടപടി സ്വീകരിക്കുക. പഴയ നികുതികള്‍ ഒഴിവാക്കി പകരം ജിഎസ്ടി ഏര്‍പ്പെടുത്തിയെങ്കിലും പഴയ നികുതികള്‍ കുറയ്‌ക്കാതെയാണ് മിക്കവാറും ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമേ ജി.എസ്.ടിയും ഈടാക്കുന്നു. ഇതോടെയാണ് സകല സാധനങ്ങള്‍ക്കും വില കൂടിയത്. നികുതി കുറച്ചതിന്റെ ഗുണം ജനങ്ങള്‍ക്കു ലഭിച്ചില്ലെങ്കില്‍ അതേക്കുറിച്ചും സമിതിക്കു പരാതി നല്‍കാം. ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ അധികം ഈടാക്കിയ പണം പലിശ സഹിതം തിരികെ കിട്ടും.