ദില്ലി: ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. ജി.എസ്.ടിയിലൂടെ നികുതി കുറഞ്ഞ ഉത്പന്നങ്ങളുടെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കിട്ടാൻ ലാഭവിരുദ്ധ ചട്ടത്തിന് യോഗം രൂപം നൽകും. കൊള്ളലാഭം കൊയ്യുന്ന ഉത്പാദകര്‍ക്കും വ്യാപാരികൾക്കുമെതിരെ നിയമ നടപടിയടക്കമുള്ളവ ലാഭ വിരുദ്ധ ചട്ടത്തിലുണ്ടാകും.
ചരക്ക് നീക്കം അറിയാൻ കഴിയുന്ന ഇ-വേ ബില്ലിംഗ് സംവിധാനത്തിന്റെ ചട്ടങ്ങളും ജി.എസ്.ടി കൗൺസിൽ യോഗം ചര്‍ച്ച ചെയ്യും. ജി.എസ്.ടിയുടെ ഒരു മാസത്തെ അവലോകനവും യോഗത്തിലുണ്ടാകും. തുണിത്തരങ്ങൾ ഉൾപ്പെടെ തര്‍ക്കം നിലനിൽക്കുന്ന ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന ആവശ്യവും യോഗത്തിൽ സംസ്ഥാനങ്ങൾ ഉന്നയിക്കും. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്-പ്ലൈവുഡ്, ഹൗസ്ബോട്ടുകൾ, റസ്റ്റോറന്‍റുകൾ എന്നിവയുടെ നികുതി കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെടും.
